അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേലിന് നാലാമതും നാമനിര്‍ദേശം. മധ്യപൂര്‍വദേശത്ത് സമാധാനം കൊണ്ടുവരാനുള്ള ഡോണള്‍ഡ് ട്രംപിന്‍റെ പരിശ്രമങ്ങള്‍ കണക്കിലെടുത്ത് സമാധാനത്തിനുള്ള നൊബേല്‍ നല്‍കണമെന്ന് റിപ്പബ്ലിക്കന്‍ നേതാവ് ക്ലൗഡിയ ടെന്നിയാണ് ആവശ്യപ്പെട്ടത്. അബ്രഹാം അക്കോര്‍ഡ്സ് ട്രീറ്റിയുടെ പേരിലാണ് താന്‍ ട്രംപിനെ നാമനിര്‍ദേശം ചെയ്യുന്നതെന്നാണ് ടെന്നി തന്‍റെ വെബ്സൈറ്റില്‍ വ്യക്തമാക്കി. 

 

യുഎഇ ബഹ്റൈന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക് വരാന്‍ 2020ല്‍ ട്രംപിന്‍റെ മധ്യസ്ഥതയില്‍ ഒപ്പുവച്ച ഉടമ്പടി നിര്‍ണായക പങ്കാണ് വഹിച്ചതെന്ന് ടെന്നി പറയുന്നു. ഇസ്രയേല്‍–പലസ്തീന്‍ പ്രശ്നം പരിഹരിക്കാതെ മധ്യപൂര്‍വ ദേശത്ത് സമാധാനം അസാധ്യമാണെന്നായിരുന്നു അതുവരെയുള്ള വിലയിരുത്തല്‍. ഇത് ശരിയല്ലെന്ന് ട്രംപ് തന്‍റെ ഇടപെടലുകളിലൂടെ തെളിയിച്ചുവെന്നും പതിറ്റാണ്ടുകളായി നയതന്ത്ര ഉദ്യോഗസ്ഥരും വിദേശകാര്യ വിദഗ്ധരും രാഷ്ട്രത്തലവന്‍മാരും പരിശ്രമിച്ചിട്ടും സാധ്യമാകാതിരുന്നത് ട്രംപ് അനായാനം സാധിച്ചെടുത്തുവെന്നും അവര്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ സമാധാനത്തിനുള്ള നൊബേലിന് ട്രംപ് അര്‍ഹനാമെന്നും അവര്‍ വ്യക്തമാക്കി. ബൈഡന്‍റെ നേതൃത്വത്തിലുള്ള അമേരിക്ക തീര്‍ത്തും ദുര്‍ബലമാണെന്നും അവര്‍ ആരോപിച്ചു. 

 

2020 സെപ്റ്റംബറിലാണ് അബ്രഹാം അക്കോര്‍ഡ്സ് യുഎഇയും ഇസ്രയേലും ബഹ്റൈനുമായി ഒപ്പിടുന്നത്. ട്രംപിന്‍റെ മധ്യസ്ഥതയില്‍ വൈറ്റ്ഹൗസില്‍ വച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും, യുഎഇ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിന്‍ സയീദും ബഹ്റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുമായിരുന്നു ഉടമ്പടിയില്‍ ഒപ്പുവച്ചത്. അറബ്–ഇസ്രയേലി സംഘര്‍ഷം അവസാനിപ്പിക്കാന്‍ സമാധാന ഉടമ്പടിക്ക് സാധിക്കുമെന്നായിരുന്നു ഉടമ്പടി ഒപ്പിട്ട ശേഷം നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞത്. 

 

2020ലാണ് സമാധാന നൊബേലിന് ട്രംപ് ആദ്യമായി നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. നോര്‍വീജിയന്‍ പാര്‍ലമെന്‍റംഗമായ ക്രിസ്റ്റിയന്‍ ടൈബ്രിങായിരുന്നു യുഎഇ–ഇസ്രയേല്‍ ഉടമ്പടിയുടെ പേരില്‍ ട്രംപിന്‍റെ പേര് നിര്‍ദേശിച്ചത്.  2021 ല്‍ സ്വീഡിഷ് വലതുപാര്‍ട്ടി നേതാവായ ലോറ ഹുതാസാരിയും  2020 ല്‍ ഒരു സംഘം ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റ് അംഗങ്ങളുമാണ് ട്രംപിനെ മുന്‍പ് സമാധാന നൊബേലിന് നാമനിര്‍ദേശം ചെയ്തിട്ടുള്ളത്. യുദ്ധം അവസാനിപ്പിക്കുന്നതിലും അമേരിക്കയിലെ ആഭ്യന്തര സ്ഥിതി മെച്ചപ്പെടുത്തിയതും കണക്കിലെടുത്തായിരുന്നു ഈ നാമനിര്‍ദേശം. 

 

റൂസ്​വെല്‍റ്റ് (1906), വുഡ്രോ വില്‍സല്‍ (1920), ജിമ്മി കാര്‍ടര്‍(2002), ബറാക് ഒബാമ(2009) എന്നിവരാണ് നൊബേല്‍ ജേതാക്കളായ മുന്‍ യുഎസ് പ്രസിഡന്‍റുമാര്‍. 

 

Donald Trump has been nominated for the Nobel peace prize for the 4th time