2024-25 സീസണിന് മുൻപ് റയൽ മാഡ്രിഡിലേക്ക് എത്താനുള്ള കരാർ ഫ്രഞ്ച് സൂപ്പർ താരം എംബാപ്പെ ക്ലബുമായി സ്പാനിഷ് വമ്പനുമായി ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. റയലുമായി എംബാപ്പെ അഞ്ച് വർഷത്തെ കരാർ സംബന്ധിച്ച് ധാരണയിലെത്തിയതായാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം ജൂൺ വരെയാണ് പിഎസ്ജിയുമായി എംബാപ്പെയ്ക്ക് കരാറുള്ളത്. ഒടുവിൽ ബെർനാബ്യൂവിലേക്ക് എംബാപ്പെ എത്തുന്നു എന്ന റിപ്പോർട്ടുകൾ ശക്തമാവുമ്പോഴും റയലും എംബാപ്പെയും ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. ഇതിന് മുന്‍പ് സംഭവിച്ചത് പോലെ എംബാപ്പെയുടെ റയലിലേക്കുള്ള ചേക്കേറല്‍ ഇത്തവണയും അഭ്യൂഹങ്ങള്‍ മാത്രമായി അവസാനിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. 

സീസണിൽ 25 മില്യൺ യൂറോയാണ് എംബാപ്പെയ്ക്ക് പിഎസ്ജിയിൽ ലഭിച്ചിരുന്നത് എങ്കിൽ റയലിലേക്ക് എത്തുമ്പോൾ ഇത് 15 മില്യൺ യൂറോ ആവുമെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും റയൽ മാഡ്രിഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒന്നാമൻ എംബാപ്പെ തന്നെയാവും. നിലവില്‍ 10.3 മില്യണ്‍ പൗണ്ടാണ് നിലവില്‍ റയലിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ജൂഡ് ബെല്ലിങ്ഹാമിനും വിനിഷ്യസ് ജൂനിയറിനും ലഭിക്കുന്നത്.

റയലിലേക്ക് എംബാപ്പെ എത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ സ്പാനിഷ് മാധ്യമങ്ങളില്‍ ഫ്രഞ്ച് താരം നിറഞ്ഞപ്പോള്‍. ഫോട്ടോ: എഎഫ്പി

സൈനിങ് ഓൺ ബോണസായി 85.5 മില്യൺ പൗണ്ട് എംബാപ്പെയ്ക്ക് ലഭിക്കും. ഇതിനൊപ്പം പുതിയ കൊമേഴ്ഷ്യല്‍ ഡീലുകള്‍ റയലിലേക്ക് എത്തിയതിന് ശേഷം ഒപ്പുവെക്കുമ്പോള്‍ 80 ശതമാനം ഇമേജ് റൈറ്റ്സും എംബാപ്പെയ്ക്ക് ലഭിക്കും. പുതിയ താരങ്ങള്‍ ക്ലബിലേക്ക് എത്തുമ്പോള്‍ 50-50 എന്ന നിലയിലാണ് റയല്‍ നേരത്തെ ഇമേജ് റൈറ്റ്സ് പങ്കുവെച്ചിരുന്നത്. 

ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിന് മുന്‍പില്‍ പുതിയ ഓഫര്‍ റയല്‍ വെക്കാത്ത സാഹചര്യത്തില്‍ മോഡ്രിച്ചിന്റെ പത്താം നമ്പര്‍ ജഴ്സിയാവും അടുത്ത സീസണില്‍ എംബാപ്പെ അണിയുക. ആന്‍സെലോട്ടിയുടെ കോച്ചിങ് സ്റ്റാഫിന്റെ ഭാഗമായി ക്ലബില്‍ തുടരാം എന്ന ഓഫറാണ് മോഡ്രിച്ചിന് മുന്‍പില്‍ ക്ലബ് വെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഫോട്ടോ: എഎഫ്പി

ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് എംബാപ്പെ റയലിലേക്ക് എത്തുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബെര്‍നാബ്യു വിട്ടതോടെയാണ്  എംബാപ്പെക്കായുള്ള റയലിന്റെ ശ്രമങ്ങള്‍ കൂടുതല്‍ ശക്തമായത്. ഏഴ് സീസണുകളാണ് എംബാപ്പെ പിഎസ്ജിയില്‍ കളിച്ചത്. 2017ല്‍ മൊണാക്കോയില്‍ നിന്ന് 155 മില്യണ്‍ പൗണ്ടിനായിരുന്നു ചേക്കേറല്‍. എന്നാല്‍ പിഎസ്ജിയുടെ സ്വപ്നമായ ചാംപ്യന്‍സ് ലീഗ് കിരീടം ക്ലബിന് നേടിക്കൊടുക്കാന്‍ എംബാപ്പെക്ക് സാധിച്ചില്ല. പിഎസ്ജിക്കായി 290 മല്‍സരങ്ങളില്‍ നിന്ന് 243 ഗോളാണ് എംബാപ്പെ സ്കോര്‍ ചെയ്തത്. 

Mbappe might get 15 million euro as salary per season in real madrid