Ukrainian-police-unit-falls

ലോകത്തെ പിടിച്ചുലച്ച റഷ്യ– യുക്രെയ്ന്‍ യുദ്ധം മൂന്നാം വര്‍ഷത്തിലേക്ക്. 2022 ഫെബ്രുവരി 24 ന് റഷ്യ തുടങ്ങിവച്ച സൈനിക നടപടി ഇരുവശത്തും നഷ്ടങ്ങള്‍ മാത്രമാണ് ബാക്കിയാക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥയെയും പിടിച്ചുലച്ചു. സമീപ ഭാവിയിലൊന്നും യുദ്ധം അവസാനിക്കുന്നതിന്റെ സൂചനകള്‍ കാണുന്നില്ല എന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്

 

2022 ഫെബ്രുവരി 24 ന് റഷ്യന്‍ സൈന്യം കിഴക്കന്‍ യുക്രെയ്നിലെ ഡോണ്‍ബാസ് മേഖലയില്‍ പ്രവേശിക്കുമ്പോള്‍ അത് അവസാനമില്ലാത്ത ഒരു യുദ്ധത്തിന്റെ തുടക്കമാകുമെന്ന് ആരും കരുതിയില്ല. സൈനിക ശക്തിയില്‍ റഷ്യയുടെ നാലിലൊന്നുപോലും ഇല്ലാത്ത യുക്രെയ്ന്‍ എത്രനാള്‍ പിടിച്ചുനില്‍ക്കും എന്നതായിരുന്നു ചോദ്യം. പക്ഷേ യുക്രെയ്ന്‍ പൊരുതി, അല്ല പൊരുതിക്കൊണ്ടേയിരിക്കുന്നു. ആദ്യം തിരിച്ചടി നേരിട്ടെങ്കിലും പിന്നെ കരുത്തരായ റഷ്യന്‍ സൈന്യത്തെ സ്വന്തം മണ്ണില്‍നിന്ന് പലതവണ തുരത്തിയോടിച്ചു. ഇപ്പോഴും പ്രതിരോധിച്ചുകൊണ്ടേയിരിക്കുന്നു. അതിന് അവര്‍ കൊടുക്കേണ്ടിവരുന്ന വില വലുതാണ്. യുദ്ധം യുക്രെയ്നില്‍ സൃഷ്ടിച്ചത് ഒന്നരക്കോടി അഭയാര്‍ഥികളെയാണ്. 65 ലക്ഷം പേര്‍ പലായനം ചെയ്തു. പതിനായിരത്തിലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടു. പരുക്കേറ്റവര്‍ അതിലേറെ. റഷ്യയാവട്ടെ യുദ്ധനിയമങ്ങളൊക്കെ ലംഘിച്ച് യുക്രെയ്നില്‍ കൂട്ടക്കൊലകള്‍ തുടരുകയാണ്. 

 

ജനവാസ മേഖലകള്‍ തുടര്‌‍ച്ചയായി ആക്രമിക്കുന്നു. ലോകരാജ്യങ്ങളുടെ ഉപരോധം റഷ്യന്‍ സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ചെങ്കിലും അവര്‍ പിന്‍മാറാന്‍ ഒരുക്കമല്ല. രാജ്യാന്തര നീതിന്യായ കോടതിയെയും ആക്യരാഷ്ട്ര സഭയെയും അവഗണിച്ച് അവര്‍ നിര്‍ബാധം ആക്രമണം തുടരുകയാണ്.  റഷ്യയ്ക്കും യുക്രെയ്നും മാത്രമല്ല, ലോകത്തിനാകെ നഷ്ടങ്ങള്‍ ഉണ്ടാക്കുന്നുണ്് ഈ യുദ്ധം. റഷ്യക്കെതിരായ ഉപരോധം എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ലഭ്യതയില്‍ വന്‍തോതില്‍ കുറവുവരുത്തി. ഇത് രാജ്യാന്തര തലത്തില്‍ വിലവര്‍ധന രൂക്ഷമാക്കി. യുക്രെയ്നില്‍നിന്നുള്ള ധാന്യ കയറ്റുമതി കുറഞ്ഞത് ഭക്ഷ്യക്ഷാമത്തിനും കാരണമായി. നഷ്ടങ്ങളെത്രയയാലും സമാധാനം അകലെയാണ്. ക്രൈമിയ അടക്കം റഷ്യ കീഴടക്കിയ പ്രദേശങ്ങള്‍ വിട്ടുകൊടുക്കണമെന്നാണ് യുദ്ധം അവസാനിപ്പിക്കാന്‍ യുക്രെയ്ന്‍ മുന്നോട്ടുവയ്ക്കുന്ന ഉപാധി. യുക്രെയ്നെ നിരായുധീകരിക്കണമെന്നാണ് റഷ്യ ആവശ്യപ്പെടുന്നത്. രണ്ടിലൊന്ന് നടന്നാലെ യുദ്ദം അവസാനിക്കൂവെന്ന് ചുരുക്കം. 

 

Ukraine War completes two years