പറന്നുയര്‍ന്നതിന് പിന്നാലെ വിമാനത്തിന്റെ വീലുകളിലൊന്ന് ഊരിപ്പോയി. ലോസ്ആഞ്ചല്‍സില്‍ നിന്നും ജപ്പാനിലേക്ക് യാത്ര തിരിച്ച യുണൈറ്റഡ് എയര്‍ലൈന്‍സിന്‍റെ ബോയിങ് 777 വിമാനത്തിന്‍റെ വീലുകളിലൊന്നാണ് ടേക്ക് ഓഫിന് പിന്നാലെ ഊരി വിമാനത്താവളത്തില്‍ തന്നെ പതിച്ചത്. ഇതോടെ വിമാനം അടിയന്തരമായി സന്‍ഫ്രാന്‍സിസ്കോ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് സംഭവം. വിമാനത്തിന്‍റെ വീലൂരി പാര്‍ക്കിങ് ഏരിയയിലേക്ക് വീഴുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
വിമാനത്താവള ജീവനക്കാരുടെ വാഹനം പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തേക്കാണ് വീല്‍ പതിച്ചത്. വീല്‍ വീണ് കാറുകള്‍ക്ക് സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ടെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് അറിയിച്ചു. 249 യാത്രക്കാരാണ് സംഭവസമയത്ത് വിമാനത്തിനുള്ളിലുണ്ടായിരുന്നത്. സുഗമമായ ലാന്‍ഡിങിനായി ആറ് വീലുകള്‍ വീതമാണ് പ്രധാന ലാന്‍ഡിങ് ഭാഗത്ത് ഘടിപ്പിച്ചിട്ടുള്ളത്. വീലുകളിലേതെങ്കിലും നഷ്ടമായാലും കേടുപാടുകള്‍ സംഭവിച്ച് പോയാലും ലാന്‍ഡിങ് കുറ്റമറ്റതാക്കാന്‍ ഇത് സഹായിക്കും.
ബോയിങ് വിമാനത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് വ്യാപകമായി പരാതികള്‍ കുറച്ച് നാളുകളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ബോയിങ് 737 വിമാനത്തില്‍ നിന്നും വാതിലിന്‍റെ വലിപ്പമുള്ള പാനല്‍ അടര്‍ന്ന് വീണത് ജനുവരിയില്‍ വലിയ വാര്‍ത്തയായിരുന്നു. അന്ന് ആര്‍ക്കും സാരമായി പരുക്കേറ്റില്ലെങ്കിലും ബോയിങ് വിമാനങ്ങള്‍ക്ക് താല്‍കാലികമായി പറക്കല്‍ വിലക്കേര്‍പ്പെടുത്തുന്നതിലേക്ക് നയിച്ചിരുന്നു. ഗുണനിലവാരം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 90 ദിവസത്തെ സമയ പരിധി കഴിഞ്ഞയാഴ്ചയാണ് യുഎസ് റഗുലേറ്റേഴ്സ് ബോയിങിന് അനുവദിച്ചത്.
United Airlines plane's wheel falls off soon after take-off