ചൈനയെ നേരിടാന്‍ ഇനിമുതല്‍ ഫിലിപ്പീന്‍സിന് ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകളും. ബ്രഹ്മോസ് മിസൈല്‍ യൂണിറ്റുകളുടെ ആദ്യബാച്ച് ഇന്ത്യ ഫിലിപ്പീന്‍സിന് കൈമാറി. രാജ്യത്തിന്‍റെ പ്രതിരോധ കയറ്റുമതിക്ക് വന്‍ മുതല്‍ക്കൂട്ടാകുന്ന 375 കോടി ഡോളറിന്‍റെ ഇടപാടാണിത്. 

 

ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ലോകത്തെ ഏക സൂപ്പര്‍സോണിക് ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. കൃത്യമായി പറഞ്ഞാല്‍ സെക്കന്‍ഡില്‍ 2.8 മാക് വേഗത. തെക്കന്‍ ചൈന കടലില്‍ ചൈനയുമായി കൈവിട്ട അതിര്‍ത്തി തര്‍ക്കമുള്ള ഫിലിപ്പീന്‍സിന് ഗെയിം ചേഞ്ചറാകും ബ്രഹ്മോസ് മിസൈലുകള്‍. ബ്രഹ്മോസിന്‍റെ കപ്പല്‍ വേധ പതിപ്പുകളാണ് ഫിലിപ്പീന്‍സ് ഇന്ത്യയില്‍നിന്ന് വാങ്ങിയതെന്നാണ് സൂചന. ഇന്ത്യന്‍ വ്യോമസേനയുടെ ചരക്കുവിമാനങ്ങളില്‍ ഫിലിപ്പീന്‍സിലേക്ക് ബ്രഹ്മോസ് മിസൈല്‍ യൂണിറ്റുകളെത്തിച്ചു.

 

മൂവായിരം കോടിയിലേറെ രൂപയുടെ വലിയ പ്രതിരോധ ഇടപാടാണിത്. ഇന്ത്യ–റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈല്‍, ബ്രഹ്മോസ് എയ്റോസ്പേസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിര്‍മിക്കുന്നത്. കരയില്‍നിന്നും കപ്പലുകളില്‍നിന്നും അന്തര്‍വാഹനികളില്‍നിന്നും യുദ്ധവിമാനങ്ങളില്‍നിന്നുംവിക്ഷേപിക്കാവുന്ന ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ അര്‍ജന്‍റീനയടക്കമുള്ള രാജ്യങ്ങളും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.