നീണ്ട 26 വര്‍ഷങ്ങള്‍ കാണാതായിരുന്ന യുവാവിനെ ഒടുവില്‍ അയല്‍വാസിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. അള്‍ജീരിയയിലാണ് സംഭവം. ഒമര്‍ എന്ന 19കാരനെയാണ് 1998 ലെ അള്‍ജീരിയന്‍ ആഭ്യന്തര യുദ്ധത്തിനിടയില്‍ കാണാതായായത്.  ഒമറിന്‍റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതായോ , തട്ടിക്കൊണ്ട് പോകപ്പെട്ടതായോ ആണ് കരുതുന്നത്. 45–ാംവയസില്‍ കണ്ടെത്തുമ്പോള്‍ സ്വന്തം വീട്ടില്‍ നിന്ന് വിളിപ്പാടകരെ മാത്രമാണ് ഒമര്‍ ഇത്രകാലവും കഴിഞ്ഞതെന്ന് കണ്ടെത്തി. 

സമൂഹമാധ്യമത്തിലൂടെ പുറത്തുവന്ന വെളിപ്പെടുത്തലാണ് ഒമറിനെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഒമറിനെ തന്‍റെ സഹോദരന്‍ തട്ടിക്കൊണ്ട് പോയി വീട്ടില്‍ തടവിലാക്കി പാര്‍പ്പിച്ചിരിക്കുകയാണ് ഒരാള്‍ വെളിപ്പെടുത്തി. വിവരം അറിഞ്ഞ പൊലീസ് നടത്തിയ തിരച്ചിലില്‍ ഒമറിനെ കണ്ടെത്തുകയായിരുന്നു. പൊലീസെത്തിയതോടെ തട്ടിക്കൊണ്ടു പോയ അയല്‍വാസി സ്ഥലത്ത് നിന്ന് കടന്നുകളയാന്‍ ശ്രമിച്ചു. 61കാരനാണ് സ്വത്ത് തട്ടിയെടുക്കുന്നതിനായി ഒമറിനെ തടവിലാക്കിയിരുന്നത്. പ്രതിയെ പൊലീസ് പിടികൂടി.

സ്വന്തം വീട്ടില്‍ നിന്നും 200 മീറ്റര്‍ മാത്രം ദൂരെ കഴിഞ്ഞിട്ടും ഈ 26 വര്‍ഷത്തിനിടയില്‍ ഒമറിന് രക്ഷപെടാന്‍ കഴിയാതിരുന്നതിന് പിന്നില്‍ ദുര്‍മന്ത്രവാദമാണെന്നാണ് അയല്‍വാസികളുടെ ആരോപണം. ഒമറിന്‍റെ സംസാരശേഷി പ്രതി ദുര്‍മന്ത്രവാദത്തിലൂടെ ഇല്ലാതെയാക്കിയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഒമറിനെ ആരോഗ്യ പരിശോധനങ്ങള്‍ക്ക് വിധേയനാക്കിയെന്നും കൗണ്‍സിലിങ് അടക്കമുള്ള സൗകര്യങ്ങള്‍ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ENGLISH SUMMARY:

Man missing for 26 years found held captive from neighbour's house