ഇന്ത്യ– പാകിസ്ഥാൻ ക്രിക്കറ്റ് മൽസരത്തെ സംബന്ധിച്ച് വ്ലോഗ് ചിത്രീകരിക്കുന്നതിനിടെ യുവ യൂട്യൂബറെ സുരക്ഷാ ജീവനക്കാരന്‍ വെടിവെച്ചു കൊന്നു. കറാച്ചിയിലെ സറീന മൊബൈൽ മാർക്കറ്റ് ഏരിയയിൽ വിഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. യൂട്യൂബർ 24 കാരനായ സാദ് അഹമ്മദാണ് മരിച്ചത്. ഇന്ത്യ– പാകിസ്ഥാൻ മൽസരത്തെ സംബന്ധിച്ച് പ്രതികരണങ്ങളെടുക്കുന്നതിനിടെയാണ് സാദ് അഹമ്മദിന് വെടിയേൽക്കുന്നത്.
സമീപത്തെ കടയുമടകളോട് മൽസരത്തെ കുറിച്ച് സംസാരിച്ച് വിഡിയോ ചിത്രീകരിക്കുന്നു സാദ് അഹമ്മദ്. ഇതിനിടയിൽ ഗുൽ ഹസൻ എന്ന സുരക്ഷാ ജീവനക്കാരനോട് ചോദ്യം ചോദിക്കുകയും അദ്ദേഹം വെടിവെയ്ക്കുകയുമായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സിസിടിവിയിലും വെടിവെയ്പ്പിൻറെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. സാദ് മുഹമ്മദ് ക്യാമറയുമായി സുരക്ഷാ സേനാംഗത്തോട് ചോദ്യം ചോദിക്കുന്നതും വെടിയേൽക്കുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
സാദ് അഹമ്മദിന് ഷോർഡറിലാണ് വെടിയേല്ക്കുന്നത്. പൊലീസെത്തി ഉടനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വെടിവെച്ച സുരക്ഷ ജീവനക്കാരനെ പൊലീസ് അസ്റ്റ് ചെയ്യുകയും തോക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിഡിയോ ചിത്രീകരിക്കുന്നതിനിടെ സുരക്ഷ ജീവനക്കാരനെ ചൂണ്ടികാണിച്ചതിലുള്ള ദേഷ്യത്തിലാണ് വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു. വിഡിയോ ചിത്രീകരണത്തിന് മുൻപ് സാദ് അനുമതി വാങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു.