യു.കെയില്‍ ജോലിസ്ഥലത്തുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. കാലടി സ്വദേശിയായ റെയ്​ഗന്‍ ജോസ് യു.കെയില്‍ മരിച്ചെന്ന വിവരം ലഭിച്ചത് കഴിഞ്ഞ മാസം 29നായിരുന്നു. സ്വകാര്യ വെയര്‍ഹൗസിലായിരുന്നു ജോലി. മരിക്കുന്നതിന് രണ്ടു ദിവസം മുമ്പായിരുന്നു ജോലിയില്‍ പ്രവേശിച്ചത്.  

ജോലിക്കിടെ ഭാരമേറിയ വസ്തു തലയില്‍ വീണതാണ് മരണ കാരണമെന്ന് യു.കെ. പൊലീസ് ബന്ധുക്കളെ അറിയിച്ചു.  മരണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പോസ്റ്റ്മോര്‍ട്ടം നടത്തിയിട്ടില്ല. ഭാര്യയേയും മകളേയും മൃതദേഹം കാണിച്ചിട്ടുമില്ല. ഇത് ദുരൂഹതയേറ്റുന്നുവെന്നും വിഷയത്തില്‍ എംബസി ഇടപെടണമെന്നും കുടുംബം ആവശ്യപ്പെട്ടു.

റെയ്​ഗന്‍റെ ഭാര്യയുടെ വീട് തൃശൂര്‍ പുത്തൂരിലാണ്. നാലു മാസം മുന്‍പാണ് റെയ്​ഗന്‍ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ലണ്ടനില്‍ എത്തിയത്. മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തറിയിക്കുന്നതിന് ഭാര്യ സ്റ്റീനയ്ക്ക് യു.കെ. പൊലീസ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. റെയ്ഗന്‍റെ സഹപ്രവര്‍ത്തകരുമായി കൂടുതല്‍ സംസാരിക്കാനും അനുവദിക്കുന്നില്ല. എന്താണ് യഥാര്‍ഥ മരണകാരണമെന്നറിയാന്‍ ബന്ധുക്കള്‍ക്ക് ആഗ്രഹമുണ്ട്. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. വിദേശകാര്യമന്ത്രാലയത്തെ പരാതി അറിയിച്ചു. 

ENGLISH SUMMARY:

Family of deceased Raigan Jose demands probe in his death. They alleged that, body yet shown to his wife and daughter. They also demands Embassy's intervention in case.