Image: AFP

തെക്കന്‍ ഇത്യോപ്യയിലെ മലയോര മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 200ലേറെപ്പേര്‍ മരിച്ചു. ഇത്യോപ്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയില്‍ വലിയ മലയാണ് ഇടിഞ്ഞിറങ്ങിയത്. മണ്‍വെട്ടികളും ഷവ്വാലുകളുമായി നാട്ടുകാര്‍ തിരച്ചിലിനിറങ്ങിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആദ്യം ഉരുള്‍പൊട്ടി മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടാമത്തേതും ഉണ്ടാവുകയായിരുന്നു.

മരിച്ചവരില്‍ 148 പുരുഷന്‍മാരെയും 81 സ്ത്രീകളെയും തിരിച്ചറിഞ്ഞതായി കെഞ്ചോ ഷാച് അധികൃതര്‍ അറിയിച്ചു. സ്ട്രെച്ചറുകളില്‍ എടുത്തുകൊണ്ടുവന്ന ശവശരീരങ്ങള്‍ മറവ് ചെയ്യാനായി വച്ചിരിക്കുന്നതിന്‍റെയും തകര്‍ന്ന വീടുകളുടെയും കെട്ടിടങ്ങളുെടയും അവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ പ്രാദേശിക ഭരണകൂടം പുറത്തുവിട്ടു.  മണ്ണിടിച്ചിലില്‍ ഉള്ളില്‍ കുടുങ്ങിപ്പോയ അഞ്ചുപേരെ ജീവനോടെ രക്ഷിച്ചു. പെരുമഴയില്‍ ആദ്യ മണ്ണിടിച്ചില്‍ ഉണ്ടായതോടെ പ്രദേശവാസികളെ രക്ഷിക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ക്ക് മേല്‍ വീണ്ടും മണ്ണിടിയുകയായിരുന്നു. കര്‍ഷകരും ആരോഗ്യപ്രവര്‍ത്തകരും അധ്യാപകരുമെല്ലാം മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. 

മഴയെയും തുടര്‍ന്നുണ്ടായ കെടുതിയും 14,000ത്തിലേറെപ്പേരെ ബാധിച്ചുവെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. ആഡിസ് അബാബയില്‍ നിന്നും 450 കിലോമീറ്ററോളം അകലെയാണ് ദുരന്തമുണ്ടായ സ്ഥലം. എത്തിപ്പെടാന്‍ പ്രയാസമായതിനാല്‍ തന്നെ രക്ഷപ്രവര്‍ത്തനങ്ങളടക്കം വൈകുകയാണെന്നും 500 കുടുംബങ്ങള്‍ക്കുള്ള അവശ്യസാധനങ്ങളുമായി റെഡ് ക്രോസ് നാലു ട്രക്കുകളില്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 

മേയ് മാസം ഇതേ സ്ഥലത്ത് തന്നെ ഉരുള്‍പൊട്ടിയിരുന്നുവെന്നും അന്ന് 50 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു. ഏപ്രില്‍ മുതല്‍ മേയ് വരെ പെയ്യുന്ന മഴ തെക്കന്‍ ഇത്യോപ്യയില്‍ പതിവായി പ്രളയമുണ്ടാക്കാറുണ്ട്. കഴിഞ്ഞ വര്‍ഷമുണ്ടായ ഉരുള്‍പൊട്ടലില്‍ ഇരുപതോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. 

ENGLISH SUMMARY:

More than 200 people have been killed in two landslides in southern Ethiopia.