പ്രതീകാത്മക ചിത്രം

അമിതമായി ആഹാരം കഴിച്ച് ലൈവ് വിഡിയോ ചെയ്യുന്നതിനിടെ ചൈനീസ് വ്ലോഗര്‍ക്ക് ദാരുണാന്ത്യം. 24കാരിയായ പാന്‍ ഷിയാവോടിങാണ് മരിച്ചത്.  ദിവസം 10 മണിക്കൂറിലേറെ നേരമാണ് പാന്‍ ഭക്ഷണം കഴിച്ചിരുന്നത്. അത്താഴം 10 കിലോയിലേറെ വെറൈറ്റിയായി കഴിക്കുകയെന്ന ചലഞ്ചാണ് യുവതി ഏറ്റെടുത്തത്. 

ദഹിക്കാത്ത ഭക്ഷണാവശിഷ്ടങ്ങളായിരുന്നു പാനിന്‍റെ വയറിനുള്ളിലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പും എങ്ങനെയാണ് വ്ലോഗുകളില്‍ നിന്നും പണം സമ്പാദിക്കുന്നതെന്നാണ് പാന്‍ സംസാരിച്ചുകൊണ്ടിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമിത അളവില്‍ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടായി ആശുപത്രിയിലായിരുന്നു പാന്‍. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി വന്നതിന് പിന്നാലെയാണ് പുതിയ ചലഞ്ചുമായി ലൈവിലെത്തിയത്. 

സുഹൃത്തായ ലിയു ക്വി സമൂഹമാധ്യമങ്ങളിലൂടെ പണമുണ്ടാക്കുന്നത് കണ്ടാണ് പാന്‍ വ്ലോഗിങിലേക്ക് തിരിഞ്ഞത്. ക്യാമറയ്ക്ക് മുന്നിലിരുന്ന് ലൈവായി ഭക്ഷണം കഴിച്ചായിരുന്നു തുടക്കം. മെല്ലെ പാനിന്‍റെ വിഡിയോ കാണാന്‍ ആളുകളെത്തി തുടങ്ങി.  ക്രമേണെ പാനിന് വരുമാനം ലഭിച്ചു തുടങ്ങി. ഇതോടെ ഭക്ഷണം കഴിക്കുന്നതിനൊപ്പം പാന്‍ ആളുകളോട് സംസാരവും ആരംഭിച്ചു. ആരാധകരുടെ എണ്ണം കൂടിയതോടെ ഭക്ഷണം കഴിക്കുന്നതില്‍ പുതിയ ചലഞ്ചുകളും വ്യത്യസ്തതകളും പാന്‍ കൊണ്ടുവന്നു. ഇതൊന്നും ശരീരത്തിന് താങ്ങാന്‍ കഴിഞ്ഞില്ല. ഇതോടെ പലവിധ അസുഖങ്ങളുണ്ടായെങ്കിലും പാന്‍ ഗൗനിച്ചില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു. പാനിന്‍റെ അനുഭവം എല്ലാവര്‍ക്കും ഒരു പാഠമാകണമെന്നും അനാരോഗ്യകരമായ ശീലങ്ങള്‍ ഉപേക്ഷിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു.

ENGLISH SUMMARY:

24-year-old woman dies from overeating during live streaming, ate 10 hours a day