ദിവസങ്ങള്‍ നീണ്ട മൗനത്തിനൊടുവില്‍ യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന കമല ഹാരിസിന് പിന്തുണയുമായി മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി കമലയെ ജോ ബൈഡന്‍ നാമനിര്‍ദേശം ചെയ്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒബാമ പിന്തുണയ്ക്കാതിരുന്നത് ചര്‍ച്ചയായിരുന്നു. ഇതോടെ മിഷേല്‍ ഒബാമ സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ അവസാനിച്ചു.
ബൈഡന്‍ പിന്‍മാറിയാല്‍ സ്ഥാനാര്‍ഥിയാകുമെന്ന് കരുതിയിരുന്നവര്‍പോലും കമല ഹാരിസിന് പിന്തുണ പ്രഖ്യാപിച്ചിട്ടും ബറാക് ഒബാമയുടെ നിശബ്ദത പാര്‍ട്ടിയിലും രാജ്യത്തും അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
അതിനെല്ലാം പൂര്‍ണവിരാമമിട്ടാണ് ഒബാമയും ഭാര്യ മിഷേലും കമലയെ ഫോണില്‍ വിളിച്ച് പിന്തുണയറിയിച്ചത്.
ട്രംപിനെതിരെ കമലയ്ക്ക് വിജയിക്കാനാവില്ലെന്നും മിഷേലിനെ സ്ഥാനാര്‍ഥിയാക്കാനാണ് ഒബാമ ആഗ്രഹിക്കുന്നതെന്നുമുള്ള അഭ്യൂഹങ്ങളെല്ലാം ഇതോടെ അവസാനിച്ചു.
ഇതോടെ അടുത്തമാസം 19ന് നടക്കുന്ന ഷിക്കാഗോ കണ്‍വെന്‍ഷനില്‍ കമല ഹാരിസിന്‍റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നുറപ്പായി.സമൂഹമാധ്യമമായ എക്സിലൂടെയാണ് ഒബാമയും മിഷേലും ഔദ്യോഗികമായി വിവരം പുറത്തുവിട്ടത്.