മഴ വന്ന് ആകെ ഒന്നു തണുത്തപ്പോൾ നമ്മൾ ആശ്വസിച്ചു കാണുമല്ലേ ? പക്ഷെ സൂക്ഷിച്ചോളൂ ! ഭൂമിയിലെ ശരാശരി താപനില 17.09 ഡിഗ്രി ഓൺ ആണ്. ഇനി ഓഫ് ആക്കാൻ ഇത്തിരി പാടുപ്പെടേണ്ടി വരും. ഈ മാസം 21 ന് ലോകം ഏറ്റവും ഉയർന്ന താപനിലയിൽ ചുട്ടുപൊള്ളി, 84 വർഷത്തിനു ശേഷം. യൂറോപ്യൻ കാലാവസ്ഥ ഏജൻസിയുടെ പഠനത്തിലാണ് ഈ ചൂടുള്ള വാർത്ത…
എട്ട് പതിറ്റാണ്ടിനു ശേഷം ലോകം തൊട്ടറിഞ്ഞു , പ്രകൃതിയുടെ കൊടിയ ചൂട്. കഴിഞ്ഞ വർഷം ജൂലൈ ആറിലെ 17.08 ഡിഗ്രി താപനിലയെ മറികടന്ന് ഇപ്പോൾ എത്തിനിൽക്കുന്നത് 17.09 ഡിഗ്രി എന്ന റെക്കോർഡിൽ. യൂറോപ്യൻ യൂനിയനിലെ കോപർനിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സർവീസിന്റേതാണ് ചൂടേറിയ റിപ്പോർട്ട്.
2016 ഓഗസ്റ്റിൽ ഭൂമിയിലെ പ്രതിദിന ശരാശരി താപനില 16.8 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. കഴിഞ്ഞ 13 മാസത്തെ താപനിലയും മുൻകാല റെക്കോർഡുകളും തമ്മിലുള്ള വ്യത്യാസം നോക്കിയാൽ അമ്പരന്നു പോകുമെന്നാണ് കാലാവസ്ഥ ഏജൻസി ഡയറക്ടർ കാർലോ ബ്യൂണ്ടെംപോ പറയുന്നത്. 2016 ൽ പാരീസിൽ ചേർന്ന യു.എൻ ഉച്ചകോടിയിൽ താപനില ശരാശരി 1.5 ഡിഗ്രിയായി കുറയ്ക്കാനുള്ള പ്രമേയം അവതരിപ്പിച്ചു. പക്ഷെ, ഫലം ഉണ്ടായില്ല. കാർബൺ ഡയോക്സൈഡ്, മീഥേൻ എന്നിവയുടെ അമിത വളർച്ചയാണ് ഉയർന്ന താപനിലയ്ക്കു കാരണം. ലോകമെമ്പാടുമുള്ള റെക്കോർഡ് വരൾച്ചയ്ക്കും കാട്ടുതീക്കും വെള്ളപ്പൊക്കത്തിനും ഈ താപനില കാരണമാകുന്നുണ്ട്.