കലാപം കത്തിപ്പടരുന്ന ബംഗ്ലാദേശിയില്‍ അവാമി ലീഗ് നേതാവിന്റെ ഹോട്ടല്‍ പ്രക്ഷോഭകാരികള്‍ കത്തിച്ചതിനെ തുടര്‍ന്ന് 24പേര്‍ വെന്തുമരിച്ചു. മരിച്ചവരില്‍ ഒരു ഇന്തോനേഷ്യന്‍ പൗരനും ഉള്‍പ്പെടുന്നു. ഹോട്ടലില്‍ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് സംശയമുണ്ട്.

ജോഷോർ ജില്ലയിലെ ചക്ലദാറിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. അവാമി ലീഗ് ജില്ലാ സെക്രട്ടറി ഷാഹിന്‍റെ ഉടമസ്ഥതയിലുള്ള സാബിൻ ഇന്റർനാഷണൽ ഹോട്ടലിനാണ് ഒരുകൂട്ടം ആളുകൾ തീവച്ചത്. ആദ്യം താഴത്തെ നിലയിലാണ് അക്രമികൾ തീയിട്ടത്. തീ പെട്ടെന്ന് മുകളിലേക്ക് വ്യാപിക്കുകയും വൻ അപകടം ഉണ്ടാവുകയുമായിരുന്നു.

ഹോട്ടലിൽ റൂമെടുത്തിരുന്നവരിൽ ഭൂരിഭാ​ഗം പേർക്കും ഇറങ്ങി ഓടാനുള്ള സമയം പോലും കിട്ടിയില്ല. നിരവധി അവാമി ലീഗ് നേതാക്കളുടെയും പ്രവർത്തകരുടെയും വസതികൾ ജനക്കൂട്ടം ആക്രമിക്കുന്നുണ്ട്.

അതേസമയം, ബംഗ്ലദേശില്‍ ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ ജേതാവും സാമ്പത്തിക വിദഗ്ധനുമായ മുഹമ്മദ് യൂനുസ് നയിക്കും. സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി യൂനുസിനെ രാഷ്ട്രപതി നിയമിച്ചു. സർക്കാരിലെ മറ്റ് അംഗങ്ങളെ വൈകാതെ തീരുമാനിക്കും. ഗ്രാമീണ ബാങ്ക് സ്ഥാപകനാ യൂനുസിന് 2006 ൽ നൊബേൽ സമ്മാനം ലഭിച്ചിരുന്നു. പ്രക്ഷോഭം നടത്തിയിരുന്ന വിദ്യാർഥി സംഘടനകളുടെ കൂടി താൽപര്യം പരിഗണിച്ചാണ് നിയമനം.

പാരിസിൽ നിന്ന് യൂനുസ് വൈകാതെ ധാക്കയിൽ എത്തും. ബം​ഗ്ലദേശിലെ സ്ഥിതി​ഗതികളുടെ പശ്ചാത്തലത്തിൽ, ഇന്ത്യൻ അതിര്‍ത്തിയില്‍ അതീവ ജാഗ്രത തുടരുകയാണ്. ബി.എസ്.എഫ്. മേധാവി ബംഗാള്‍ അതിര്‍ത്തിയില്‍ തുടരുന്നുണ്ട്. അതിര്‍ത്തി ജില്ലകളില്‍ കനത്ത ജാഗ്രതാനിര്‍ദേശമുണ്ട്. ഗ്രാമീണരുടെ ദാരിദ്ര്യം തടയാൻ സൂക്ഷ്മ വായ്പ–നിക്ഷേപ പദ്ധതി നടപ്പിലാക്കിയ ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകനാണ് യൂനുസ്.

ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടർന്നു രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഏതാനും ദിവസം കൂടി ഇന്ത്യയിൽ തുടരും. ലണ്ടനിലേക്കുള്ള തുടർയാത്രയ്ക്കു ചില തടസ്സങ്ങൾ നേരിട്ടതാണു കാരണം. ബംഗ്ലദേശിലെ കേസുകളിൽ നിന്നുള്ള സുരക്ഷ ഉറപ്പു നൽകാൻ ബ്രിട്ടൻ തയാറായില്ല എന്നാണു സൂചന. അതീവ സുരക്ഷയിൽ രഹസ്യകേന്ദ്രത്തിലാണ് ഹസീനയും സഹോദരി രഹാനയും ഇപ്പോൾ.

ENGLISH SUMMARY:

Bangladesh crisis: 24 burnt alive by mob, temples damaged