bangladesh-army

ബംഗ്ലദേശില്‍ ഷെയ്ഖ് ഹസീനയുടെ വിശ്വസ്തര്‍ക്കെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം. ചീഫ് ജസ്റ്റിസും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറും രാജിവച്ചു. ഷെയ്ഖ് ഹസീനയ്ക്കെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ ഇടക്കാല സര്‍ക്കാര്‍ പിന്‍വലിച്ചു. 

നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റ് ഒരു ദിവസം പിന്നിടുമ്പോഴാണ് വീണ്ടും വിദ്യാര്‍ഥികള്‍ തെരുവില്‍ ഇറങ്ങിയത്. കോടതി നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നത് ചര്‍ച്ചചെയ്യാന്‍ ചീഫ് ജസ്റ്റിസ് ഒബൈദുള്‍ ഹസന്‍ ഫുള്‍കോര്‍ട്ട് റഫറന്‍സ് വിളിച്ചതിന് പിന്നാലെ പ്രതിഷേധക്കാര്‍ സുപ്രീംകോടതി വളഞ്ഞു. ചീഫ് ജസ്റ്റിസും മുഴുവന്‍ ജഡ്ജിമാരും രാജിവയ്ക്കണം എന്നായിരുന്നു ആവശ്യം. ഒരുമണിക്കൂറിനകം രാജിവയ്ക്കണമെന്ന് അന്ത്യശാനവും നല്‍കി. 

തുടര്‍ന്ന് ഒബൈദുള്‍ ഹസന്‍ രാജിക്കത്ത് പ്രസിഡന്റിന് കൈമാറി. എന്നാല്‍ മുഴുവന്‍ ജഡ്ജിമാരും രാജിവയ്ക്കുംവരെ സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. ജില്ലാകോടതികളും വളഞ്ഞു. സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അബ്ദുള്‍ റൗഫ് തലുക്ദെറും രാജിവച്ചു. ധാക്കയില്‍ രണ്ടുജയിലുകള്‍ തകര്‍ത്ത് നൂറുകണക്കിന് തടവുകാരെ മോചിപ്പിച്ചു. 12 തടവുകാര്‍ കൊല്ലപ്പെട്ടു. അതിനിടെ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച  ആയിരക്കണക്കിന് ഹിന്ദുക്കളെ ബി.എസ്.എഫ്. തിരിച്ചയച്ചു.  കൂച്ച് ബീഹാറിലെ രാജ്യാന്തര അതിർത്തിക്ക് സമീപത്തേക്ക് ജയ് ശ്രീ റാം വിളികളുമായാണ് ആൾക്കൂട്ടം  എത്തുന്നത്.  കഴിഞ്ഞ ദിവസം ബംഗ്ലദേശില്‍ ഹിന്ദുസംഘടനകള്‍ മാര്‍ച്ചും നടത്തി. 

ENGLISH SUMMARY:

Bangladesh Chief Justice Resigns After Ultimatum From Student Protesters