എണ്ണക്കണക്കില്‍  കുറവാണെങ്കിലും ആൾകൂട്ടത്തിൽ എന്നും നോട്ടമെത്തുന്നവരാണ് ഇടംകയ്യന്‍മാര്‍. ലോകജനസംഖ്യയുടെ പതിമൂന്ന് ശതമാനം ഇടംകയ്യരാണ്. ഓഗസ്റ്റ് 13 അവരുടെ ദിനവും. വലംകൈയന്മാർക്കായി ചിട്ടപ്പെടുത്തിയ ലോകത്ത്  ഇടംകയ്യരായിരിക്കുന്നതിന്‍റെ  ഗുണദോഷങ്ങളെ കുറിച്ച്  അവബോധം വളർത്തുകയാണ്  ഇടംകൈ ദിനാചരണത്തിന്‍റെ ലക്ഷ്യം. 1976 ഓഗസ്റ്റ് 13 ന് അമേരിക്കക്കാരനായ ഡീൻ ആർ കാംപല്‍ ലെഫ്റ്റ് ഹാന്‍ഡേഴ്സ് ഇന്‍റര്‍ നാഷണല്‍ ക്ലബ് രൂപീകരിച്ചതുമുതലാണ് വേള്‍ഡ് ലെഫ്റ്റ് ഹാന്‍ഡേഴ്സ് ദിനം ആചരിച്ചു തുടങ്ങുന്നത്.

ഇടംകയ്യാല്‍ ചരിത്രമെഴുതിയ ഒട്ടേറെ പേരുണ്ട്. കലാകായിക രാഷ്ട്രീയ വ്യവസായ രംഗത്തടക്കം ചരിത്രം കുറിച്ച ഇതിഹാസ താരങ്ങളില്‍ പലരും ഇടംകയ്യരാണ്. ബോളിവുഡിന്‍റെ ബിഗ് ബി മുതല്‍ മലയാളികളുടെ പ്രിയതാരം നിവിന്‍പോളി വരെ ഇടംകയ്യരാണ്. ഐന്‍സ്റ്റീന്‍ മുതല്‍ ബില്‍ഗേറ്റ്സ് വരെ ഇടംകയ്യാല്‍ ചരിത്രമെഴുതിയവരാണ്. ഇത്തരത്തില്‍ ലോക പ്രശസ്തരായ ചില ഇടംകയ്യരെ പരിചയപ്പെടാം.

രത്തന്‍ ടാറ്റ

ഇന്ത്യയിലെ പ്രമുഖ വ്യവസായികളിലൊരാളായ രത്തൻ ടാറ്റ ഇടതു കയ്യനാണ്. ഇതുകാരണം കുട്ടിക്കാലത്ത് പിയാനോ പഠിക്കാൻ താൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. 

വില്യം രാജകുമാരന്‍

പ്രിൻസ് ചാൾസിന്റെയും പ്രിൻസെസ്സ് ഡയാനയുടെയും മൂത്ത പുത്രനാണ് വില്യം രാജകുമാരന്‍. ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏറ്റവും ജനപ്രീതിയാർജിച്ച അംഗങ്ങളിലൊരാളായ വില്യവും ഇടംകയ്യനാണ്. 

മഹാത്മാ ഗാന്ധി

ഇന്ത്യയുെട രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയും ഇടംകയ്യനായിരുന്നു. എന്നാല്‍ രണ്ടും കയ്യും ഒരുപോലെ ഉപയോഗിക്കാനാകും എന്നൊരു പ്രത്യേകതയും അദ്ദേഹത്തിനുണ്ടായിരുന്നു. ഇടംകയ്യനായ ഗാന്ധിജിയെ ചെറുപ്പത്തിൽ വലത്തേക്ക് മാറ്റാൻ ശ്രമിച്ചതു കൊണ്ടാകാം പില്‍ക്കാലത്ത് രണ്ടു കയ്യും ഒരുപോലെ വഴങ്ങിയത്.

ഓപ്ര വിന്‍ഫ്രി

പ്രശസ്ത ടിവി അവതാരികയും നടിയും ലോകത്തിലെ ശക്തയായ വനിതകളില്‍ ഒരാളുമായ ഓപ്ര വിന്‍ഫ്രിയും ഇടംകയ്യാല്‍ ചരിത്രമെഴുതിയ വ്യക്തിയാണ്.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

വലംകൈ ബാറ്ററാണെങ്കിലും ക്രിക്കറ്റ്  ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറും ഇടംകയ്യനാണ്. വലതുകൈകൊണ്ട് ബൗൾ ചെയ്യാനും ബാറ്റ് ചെയ്യാനും പരിശീലിച്ചെങ്കിലും, ഭക്ഷണം കഴിക്കാനും എഴുതാനുമുൾപ്പടെ ഇടത് കൈ ആണ് അദ്ദേഹം ഉപയോഗിക്കുന്നത്. സെഞ്ചറികൾ കൊണ്ട് റെക്കോർഡ് സൃഷ്ടിച്ച സച്ചിനെയും പ്രശസ്ത ഇടംകയ്യരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താം.

അമിതാഭ് ബച്ചന്‍

ബോളിവുഡിന്‍റെ സ്വന്തം ബിഗ് ബി അമിതാഭ് ബച്ചനും ഒരു ഇടംകയ്യനാണ്. രണ്ടു കയ്യും ഉപയോഗിച്ച് എഴുതാനും അദ്ദേഹത്തിനാകും. 

നരേന്ദ്ര മോദി

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടംകയ്യനാണ്. എന്നിരുന്നാലും അമിതാഭ് ബച്ചനെ പോലെതന്നെ വലതുകൈകൊണ്ട് എഴുതാനും അദ്ദേഹത്തിനാകും. 

ബില്‍ഗേറ്റ്സ്

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സും ഇടംകയ്യന്‍ തന്നെ. ടെക് ലോകത്തെ ഭീമന്‍മാരിലൊരാളിലേക്കുളള വളര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതും ഇടംകൈ തന്നെ.

മാര്‍ക്ക് സക്കര്‍ബര്‍ഗ്

മെറ്റ സിഇഒയും ലോകസമ്പന്നരില്‍ പ്രധാനിയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗും ഇടംകയ്യനാണ്. ടെക് ലോകത്ത് അതികായരില്‍ ഒരാളായിരുന്ന സ്റ്റീവ് ജോബ്സും ഇടംകയ്യനായിരുന്നു.

ആഞ്ജലീന ജോളി

പ്രശസ്ത ഹോളിവുഡ് താരം ആഞ്ജലീന ജോളിയും ഇടംകൈയ്യരുടെ പട്ടികയിലുള്‍പ്പെടും. പോപ് താരം ലേഡി ഗാഗ, കാര്‍ഡി ബി എന്നിവരും ഇടംകയ്യര്‍ തന്നെ.  ബരാക് ഒബാമ, ബില്‍ ക്ലിന്‍റണ്‍, അടക്കമുളള ലോകനേതാക്കളില്‍ ചിലരും ഇടംകയ്യരാണ്. മലയാള സിനിമാ താരം നിവിന്‍ പോളി, ഹോളിവുഡ് താരം ടോം ക്രൂസ്, ബോളിവുഡ് താരം സെനാക്ഷി സിന്‍ഹ അടക്കമുളളവരും ഇടംകയ്യരാണ്. കായിക ലോകത്തും നിരവധി ഇടംകയ്യരുണ്ട്. ടെന്നീസ് താരങ്ങളായ റാഫേൽ നദാൽ, മോണിക്ക സെലസ്, ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, സനത് ജയസൂര്യ, ബ്രയാൻ ലാറ, എഴുത്തുകാരൻ ലൂയിസ് കരോൾ എന്നിവരും ഇടംകയ്യര്‍ തന്നെ. 

എന്തുകൊണ്ട് ഇടംകൈ?

ഭൂരിഭാഗം ആളുകളും വലംകയ്യരായുളള ലോകത്ത് എന്തുകൊണ്ടാണ് ഇടംകയ്യര്‍ ഉണ്ടാകുന്നത് എന്നൊരു സംശയം ചിലപ്പോള്‍ തോന്നിയേക്കാം. അതിന് കൃത്യമായൊരു ഉത്തരം ശാസ്ത്രലോകത്തിന് ഇന്നും കണ്ടെത്താനായിട്ടില്ല. തലച്ചോറിന്‍റെ ഘടനാപരമായ  പ്രത്യേകതകളാകാം ചിലരിൽ ഇടതുകയ്യുടെ ആധിപത്യത്തിനു കാരണം എന്നു കരുതപ്പെടുന്നു. തലച്ചോറിന്റെ പ്രധാനഭാഗമായ സെറിബ്രം രണ്ട് അർധഗോളങ്ങളായാണ് കാണപ്പെടുന്നത്. ഇതില്‍ ഇടത്തേ പകുതി ശരീരത്തിന്റെ വലതുഭാഗത്തെയും വലത്തെ പകുതി ശരീരത്തിന്റെ ഇടതുഭാഗത്തെയുമാണ് നിയന്ത്രിക്കുന്നത്. തലച്ചോറിന്റെ വലതുഭാഗം കൂടുതലായി ഉപയോഗിക്കുന്നവരാണ് ഇടംകയ്യർ. കലാസാഹിത്യസംഗീതപരമായ കഴിവുകളും, ക്രിയാത്മകമായ കഴിവുകളും വലത്തെ അർദ്ധഗോളത്തിന്റെ സംഭാവനയാണ്. ഇടതുവശത്തിന് സ്വാധീനം കൂടുതൽ ഉള്ളവരിൽ തലച്ചോറിന്റെ വലത്തെ അർദ്ധഗോളം കൂടുതൽ കാര്യക്ഷമമാകും എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇടംകയ്യർക്ക് അസാമാന്യ നിരീക്ഷണപാടവവും കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവും വലംകയ്യരെക്കാൾ കൂടുതലാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. 

തിരുത്താന്‍ നില്‍ക്കേണ്ട..!

ചെറുപ്പത്തിലേ കുഞ്ഞ് ഇടതുകൈകൊണ്ട് കഴിക്കുന്നതും ചിത്രങ്ങള്‍ വരയ്ക്കുന്നതുമൊക്കെ കണ്ടാല്‍ ഭൂരിഭാഗം മാതാപിതാക്കളും അത് തിരുത്തി അവരെ നിര്‍ബന്ധിച്ച് വലംകയ്യരാക്കും. സ്കൂളിലും ഇടംകയ്യരെ വലംകയ്യരായി മറ്റാനുളള പ്രവണത പണ്ടുമുതലേ കണ്ടുവരുന്ന ഒന്നാണ്. പേടിപ്പിച്ചും തല്ലിയും തിരുത്താന്‍ ശ്രമിക്കുമ്പോള്‍ കുട്ടി സാവധാനം കാര്യങ്ങള്‍ വലം കൈകൊണ്ട് ചെയ്യാന്‍ തുടങ്ങും. മാതാപിതാക്കളുടെയും അധ്യാപകരുടെയും നിര്‍ബന്ധത്താല്‍ ചിലര്‍ പൂര്‍ണമായും വലംകയ്യരായി തീരും. ചിലര്‍ രണ്ടുകയ്യും ഒരുപോലെ ഉപയോഗിക്കാന്‍ കഴിവുളളവരുമാകും. എന്നാല്‍ ഇത് തികച്ചും തെറ്റായ ഒരു കാര്യം തന്നെയാണ്. ഇടംകയ്യരെ വലംകയ്യരാക്കാൻ ശ്രമിക്കുമ്പോൾ മസ്തിഷ്ക്കത്തിന്റെ പ്രവർത്തനത്തിലും മാറ്റങ്ങളുണ്ടാകുന്നുവെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ജന്മനാ ഇടതു കൈ ഉപയോഗിക്കുന്നവരെ ചെറുപ്പത്തിൽ തിരുത്താൻ ശ്രമിച്ചാൽ കൈ കൊണ്ടുള്ള പ്രവൃത്തികൾ മന്ദഗതിയിലാകും. പലതരത്തിലുമുളള ബുദ്ധിമുട്ടുകളും അവര്‍ക്ക് നേരിടേണ്ടതായി വന്നേക്കാം. അതിനാല്‍ ഇടംകയ്യരെ ഇടംകയ്യരായി തന്നെ വളരാന്‍ അനുവദിക്കുക. അവരുടെ ക്രിയാത്മകമായ കഴിവുകളും, നിരീക്ഷണപാടവവും അതിനൊപ്പം വളരട്ടെ..ഇടംകയ്യാല്‍ ഇന്ദ്രജാലം തീര്‍ത്ത് ഇതിഹാസതാരങ്ങളായി അവര്‍ വളരട്ടെ...

ENGLISH SUMMARY:

International Left-Handers Day; know more about famous left handed celebrities