ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഇന്ന് ഖത്തറില്‍ ആരംഭിക്കാനിരിക്കെ നെഞ്ചുതകര്‍ക്കുന്ന കാഴ്ചയായി ഇരട്ടക്കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട മുഹമ്മദ് ഖുസ്മാന്‍. ഈമാസം പത്തിന് ജനിച്ച കുഞ്ഞുങ്ങളാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 24 മണിക്കൂറിനിടെ 36പേര്‍ കൊല്ലപ്പെട്ടെന്നാണ് ഗാസ ആരോഗ്യമന്ത്രാലയത്തിന്‍റെ ഔദ്യോഗിക കണക്ക്.
ഗാസയിലെ തെരുവുകളില്‍ തേങ്ങുന്ന അനേകായിരം നിസഹായരായ മനുഷ്യരില്‍ ഒരാളാണ് മുഹമ്മദ് ഖുസ്മാന്‍. കൂടിനിന്നവര്‍ക്കാര്‍ക്കും ഖുസ്മാനെ ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ല. ഈമാസം പത്തിന് ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളെ മതിയാവോളം കാണാന്‍പോലും മുഹമ്മദ് ഖുസ്മാന് കഴിഞ്ഞില്ല. ജനന സര്‍ട്ടിഫിക്കറ്റിനായി ഓഫിസില്‍ നില്‍ക്കുമ്പോഴാണ് ദുരന്തവാര്‍ത്ത അറിഞ്ഞത്. വീടിനുനേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ക്കൊപ്പം ഭാര്യയെയും ഭാര്യാമാതാവിനെയും നഷ്ടപ്പെട്ടു.
അഭയാര്‍ഥി ക്യാംപുകള്‍ക്കുനേരെ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. കുഞ്ഞുങ്ങളും സ്ത്രീകളും മുതിര്‍ന്നവരുമെല്ലാം തങ്ങുന്ന കേന്ദ്രത്തിലായിരുന്നു ആക്രമണം. ശവപ്പറമ്പായി മാറിയിരിക്കുകയാണ് ഗാസയിലെ തെരുവുകള്‍. മൃതദേഹം വഹിച്ചുള്ള വാഹനങ്ങളും പാച്ചിലും കബറടക്കങ്ങളുമാണ് എങ്ങും.