flight-bag

TOPICS COVERED

വില കൂടിയ തന്‍റെ ലൂയി വൂയിട്ടണ്‍ ബാഗ് താഴെ വയ്ക്കില്ലെന്നു പറഞ്ഞ് ഒരു മണിക്കൂറോളം യുവതി വിമാനം വൈകിപ്പിച്ച സംഭവം സമൂഹമാധ്യമത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. വിമാനയാത്രക്കാര്‍ അവരുടെ ബാഗ് മുന്‍പിലുള്ള സീറ്റിന്‍റെ അടിയിലേക്ക് വയ്ക്കാറാണ് പതിവ്. മിക്ക വിമാനസര്‍വീസുകളിലും ബാഗ് ഇങ്ങനെ സൂക്ഷിക്കണമെന്ന നിയമമുണ്ട്. എന്നാല്‍ തന്‍റെ ബാഗ് നിലത്ത് വയ്ക്കില്ലെന്ന് പറഞ്ഞായിരുന്നു ചൈനീസ് യുവതി വിമാനം വൈകിപ്പിച്ചത്.

സഹയാത്രീകനായ ഒരാള്‍ പകര്‍ത്തിയ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലായതിനു പിന്നാലെ രണ്ടുപക്ഷം പിടിച്ച് ആളുകളും രംഗത്തെത്തി. ചൈന എക്സ്പ്രസ് എയര്‍ലൈന്‍സിന്‍റെ വിമാനത്തിലാണ് സംഭവം. ബാഗ് തന്‍റെ കയ്യില്‍ തന്നെ വയ്ക്കുമെന്ന് പറഞ്ഞുനില്‍ക്കുന്ന യുവതിയും അനുനയിപ്പിക്കാന്‍ ശ്രമിക്കുന്ന ക്രൂവുമാണ് വിഡിയോയിലുള്ളത്. വിമാനം വൈകുന്ന ആശങ്കയോടെ ഇരിക്കുന്ന യാത്രക്കാരുമുണ്ടായിരുന്നു വിഡിയോയില്‍.

യാത്രക്കാരില്‍ ഒട്ടുമിക്കവരും യുവതിയെ ഇറക്കിവിട്ട് വിമാനയാത്ര തുടരണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. ഒരു മണിക്കൂറോളം വിമാനം വൈകിയതോടെ ആ തീരുമാനം തന്നെ അധികൃതര്‍ക്കും സ്വീകരിക്കേണ്ടി വന്നു. ആഗസ്റ്റ് 10നായിരുന്നു സംഭവം. യുവതിയുടെ വ്യക്തിവിവരങ്ങള്‍ പുറത്തറിയുമെന്നതിനാല്‍ ഇതിന്‍റെ വിഡിയോ സമൂഹമാധ്യമത്തില്‍ നിന്ന് പിന്നീട് നീക്കി. 

മറ്റ് യാത്രക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ട് ഒരു ബാഗിനു വേണ്ടി പ്രശ്നമുണ്ടാക്കിയത് ശരിയായില്ല എന്ന് ഒരു വിഭാഗം ആളുകള്‍ പ്രതികരിച്ചു. ഇത്രയും വില കൂടിയ ബാഗ് നിലത്ത് വയ്ക്കാന്‍ ആവശ്യപ്പെടുന്നു, അത് സമ്മതിക്കാതെ വരുമ്പോള്‍ വിമാനത്തില്‍ നിന്ന് ഇറക്കിവിടുന്നു ഇത് എങ്ങനെ അംഗീകരിക്കാനാകും എന്ന് മറ്റൊരു വിഭാഗവും അഭിപ്രായം രേഖപ്പെടുന്നു.

ENGLISH SUMMARY: