വിര്‍ജിനിയയിലെ വിവിധയിടങ്ങളില്‍ നിന്ന് ആളുകള്‍ പകര്‍ത്തി ചിത്രങ്ങള്‍ (Image: X )
പട്ടാപ്പകല്‍ അമേരിക്കയുടെ ആകാശത്ത് കറുത്ത വളയം പ്രത്യക്ഷപ്പെട്ടു. തെക്കുകിഴക്കന്‍ അമേരിക്കന്‍ സംസ്ഥാനമായ വിര്‍ജിനിയയിലെ വില്യംസ്ബര്‍ഗിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ അമേരിക്കന്‍ സമയം 11 മണിയോടെയാണ് അജ്ഞാത വളയം ആകാശത്ത് പ്രത്യക്ഷപ്പെട്ടത്. പത്തുമിനിറ്റോളം ഈ വളയം ആകാശത്ത് ദൃശ്യമായിരുന്നു. പിന്നാലെ മാഞ്ഞു.
നിരവധിപ്പേരാണ് വളയം കണ്ടതായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളിട്ടത്. ചിലര്‍ ചിത്രങ്ങളും പങ്കുവച്ചു. കറുത്ത വളയം ആകാശത്ത് പ്രത്യക്ഷപ്പെട്ടതിന്‍റെ ഹൈവേയില്‍ നിന്നുള്ള ചിത്രങ്ങള്‍ ആളുകള്‍ പങ്കുവച്ചതിന് പിന്നാലെ വാര്‍ത്ത അതിവേഗം പരന്നു. വലിയ കുറത്ത പുക വളയം പോലെയാണ് തോന്നിയതെന്ന് റോണ്‍ സ്റ്റെപെന്ന ആശുപത്രി ജീവനക്കാരന്‍ പറയുന്നു.
കിലോമീറ്ററുകളോളം ദൂരത്തില്‍ കറുത്ത വളയം ദൃശ്യമായെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഫോര്‍ട്ട് യൂസ്റ്റിസിന് സമീപവും ഓള്‍ഡ് മോര്‍ടൗണ്‍ റോഡിന് സമീപത്ത് നിന്നും കൂടുതല്‍ തെളിച്ചമുള്ള ചിത്രങ്ങള്‍ ലഭിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, കറുത്ത വളയം പ്രത്യക്ഷപ്പെട്ടതില്‍ ആശങ്ക വേണ്ടെന്നും ലോകത്ത് പലയിടത്തും സമാനമായ കറുത്ത മേഘവളയങ്ങള്‍ പ്രത്യക്ഷമായിട്ടുണ്ടെന്നും നിരീക്ഷകര്‍ പറയുന്നു. ഇക്കഴിഞ്ഞ ജൂണില്‍ വെനസ്വേലയില്‍ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നട്ടുച്ച നേരത്തായിരുന്നു വെനസ്വേലന്‍ ആകാശത്തും വളയം പ്രത്യക്ഷപ്പെട്ടത്.
ജൂലൈയില്‍ ടെക്സസിലെ പേള്‍ലാന്‍ഡിലും സൂര്യാസ്തമയ നേരത്ത് അജ്ഞാത വളയമെത്തി. വെടിക്കെട്ടുകളെ തുടര്‍ന്ന് രൂപപ്പെടുന്ന പുക മേഘപടലങ്ങളുമായി ചേര്‍ന്ന് വളയരൂപം പ്രാപിക്കുന്നുവെന്നാണ് വിദഗ്ധര്‍ ഇക്കാര്യത്തില്‍ അഭിപ്രായപ്പെടുന്നത്. അതിശക്തമായ തീപിടിത്തങ്ങളെ തുടര്‍ന്നും ഇത്തരം കറുത്ത മേഘവളയങ്ങള്‍ രൂപപ്പെടാമെന്നും ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു. അതുകൊണ്ട് തന്നെ വിര്‍ജിനിയയില്‍ കറുത്ത മേഘവളയം പ്രത്യക്ഷമായ സമയത്തോട് അടുത്ത് വലിയ തീപിടിത്തം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത്തരത്തില്‍ അഗ്നിബാധകളൊന്നും ഉണ്ടായിട്ടില്ലെന്ന് അഗ്നിരക്ഷ സേനാത്തലവന്‍ വ്യക്തമാക്കി.