ലണ്ടനിലെ ഹിത്രൂ വിമാനത്താവളത്തിന് സമീപം എയർ ഇന്ത്യ ജീവനക്കാർ താമസിച്ച ഹോട്ടലിൽ ജീവനക്കാരിക്ക് നേരെ ആക്രമണം. ജീവനക്കാരി ഉറങ്ങി കിടക്കുന്ന മുറിയിലേക്ക് അതിക്രമിച്ചെത്തിയയാളാണ് ആക്രമിച്ചത്. റാഡിസൻ റെഡ് ഹോട്ടലിൽ വ്യാഴാഴ്ച രാത്രി ഒന്നരയോടെയായിരുന്നു സംഭവം. വസ്ത്രം തൂക്കിയിടാൻ ഉപയോഗിക്കുന്ന ഹാങ്ങർ ഉപയോഗിച്ച് ജീവനക്കാരിയെ ആക്രമിക്കുകയും വലിച്ചിഴയ്ക്കുകയുമായിരുന്നു. ജീവനക്കാരി ഒച്ചവെച്ചതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അടുത്തമുറിയിൽ താമസിച്ചിരുന്നവർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
അക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാരിക്ക് പരുക്കേറ്റിരുന്നു. ചികിത്സയ്ക്ക് ശേഷം ശനിയാഴ്ച ഇവർ ഇന്ത്യയിലേക്ക് തിരിച്ചു. അതേസമയം, ഹോട്ടലിലെ സുരക്ഷ സംബന്ധിച്ച് നേരത്തെ പരാതികളുയർത്തിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇരുണ്ട ഇടനാഴികളും റിസപ്ഷനിൽ ആളില്ലാത്തതും വാതിലിൽ അജ്ഞാതർ മുട്ടുന്നതും സംബന്ധിച്ച് വിമാനകമ്പനി ജീവനക്കാർ പരാതിപ്പെട്ടിരുന്നു. പ്രധാനകേന്ദ്രങ്ങളിൽ സിസിടിവി സുരക്ഷയില്ല, അത്യാവശ്യത്തിന് വിളിച്ചാൽ ഹോട്ടൽ ജീവനക്കാർ പ്രതികരിക്കില്ല, ആരൊക്കെയോ പലപ്പോഴായി വാതിലിലും ജനാലകളിലും മുട്ടി ശബ്ദമുണ്ടാക്കുകയാണ് എന്നിങ്ങനെയയിരുന്നു പരാതികൾ.
സംഭവത്തിന് പിന്നാലെ റാഡിസൻ റെഡ് ഹോട്ടലിൽ നിന്ന് ക്രൂവിനെ മാറ്റുന്നതായി എയർ ഇന്ത്യ അറിയിച്ചു. ലണ്ടനിലെ ഒരു ഹോട്ടലിൽ നടന്ന ജീവനക്കാരി ആക്രമിക്കപ്പെട്ടതിൽ ദുഖമുണ്ടെന്നും എയർ ഇന്ത്യ പ്രതികരിച്ചു. സംഭവത്തിൽ ജീവനക്കാരിക്ക് ഉടനടി സഹായം ലഭ്യമാക്കുമെന്നും ആവശ്യമായ പ്രൊഫഷണൽ കൗൺസിലിങ് ഉറപ്പാക്കുമെന്നും കമ്പനി വ്യക്തമാക്കി.