image: AP

TOPICS COVERED

പാക്കിസ്ഥാനില്‍ നിന്ന് ഇറാഖിലേക്ക് തീര്‍ഥാടകരുമായി പോയ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ 35 പേര്‍ക്ക് ദാരുണാന്ത്യം. ഇറാനിലെ യസ്​ദിനടുത്ത് വച്ചാണ് അപകടമുണ്ടായത്. പാക്കിസ്ഥാനിലെ തെക്കന്‍ സിന്ധ് പ്രവിശ്യയായ ലര്‍കാനയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടവരില്‍ അധികവും. 

53 പേരോളം ബസിലുണ്ടായിരുന്നുവെന്നും പതിനെട്ട്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും പാക്കിസ്ഥാന്‍ മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരുക്കേറ്റവരെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ 11 സ്ത്രീകളെയും 17 പുരുഷന്‍മാരെയും തിരിച്ചറിഞ്ഞു. പരുക്കേറ്റവരില്‍ ഏഴുപേരുടെ നില ഗുരുതരമായി തുടരുകയാണ്.  ചികില്‍സയിലുണ്ടായിരുന്ന ആറുപേര്‍ ആശുപത്രി വിട്ടുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കര്‍ബല യുദ്ധത്തില്‍ രക്തസാക്ഷിയായ മുഹമ്മദ് നബിയുടെ കൊച്ചുമകനായ ഹുസൈന്‍റെ സ്മരണാര്‍ഥം നടത്തുന്ന അറബീന്‍ ചടങ്ങില്‍  പങ്കെടുക്കാന്‍ പോയ തീര്‍ഥാടക സംഘമാണ് അപകടത്തില്‍പ്പെട്ടത്. പാക്കിസ്ഥാനില്‍ നിന്നും ബസിലാണ് സംഘം ഇറാനിലേക്കും അവിടെ നിന്ന് ഇറാഖിലേക്കും എത്താന്‍ നിശ്ചയിച്ചിരുന്നത്. അതേസമയം,ബസ് എങ്ങനെയാണ് അപകടത്തില്‍പ്പെട്ടതെന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല. 

ENGLISH SUMMARY:

Bus ferrying Shiite pilgrims from Pakistan to Iraq overturned in Iran's Yazd, claiming the lives of at least 35 people. 18 injured