taliban-soldiers

TOPICS COVERED

താടി വളര്‍ത്തുന്നതില്‍ പരാജയപ്പെട്ട 280 സൈനികരെ പട്ടാളത്തില്‍ നിന്ന് പിരിച്ചുവിട്ട് താലിബാന്‍. ഇസ്ലാം മതനിയമപ്രകാരം ജീവിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടിയെന്നാണ് വിശദീകരണം. താലിബാന്‍ സര്‍ക്കാരിന്റെ സദാചാര മന്ത്രാലയത്തിന്റേതാണ് നടപടി. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് 13,000 പേരെ കഴിഞ്ഞ വര്‍ഷം തടവിലാക്കിയെന്നും ഇവരില്‍ പകുതിയോളം പേരെ 24 മണിക്കൂറിന് ശേഷം വിട്ടയച്ചുവെന്നും മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, തടവിലാക്കപ്പെട്ടത് പുരുഷന്‍മാരാണോ അതോ സ്ത്രീകളാണോ എന്നത് സംബന്ധിച്ചും ഇവര്‍ ചെയ്ത കുറ്റമെന്തെന്നും വെളിപ്പെടുത്താന്‍ മന്ത്രാലയം തയ്യാറായില്ല. 

അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കാനും കൈമാറ്റം ചെയ്യാനും സഹായിച്ചതെന്ന് കരുതുന്ന ആയിരക്കണക്കിന് കംപ്യൂട്ടറുകള്‍ നശിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 21,328 സംഗീത ഉപകരണങ്ങളും താലിബാന്‍ സര്‍ക്കാര്‍ പിടികൂടി നശിപ്പിച്ചുവെന്നും മന്ത്രാലയം ഡയറക്ടര്‍ മൊഹിബുല്ല മോഖ്‌ലിസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

താലിബാന്‍ ഭരണത്തിന് കീഴില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതം നരകതുല്യമാണെന്ന ഐക്യരാഷ്ട്ര സംഘടന റിപ്പോര്‍ട്ടിനെ താലിബാന്‍ തള്ളി.അഫ്ഗാന്‍ സംസ്‌കാരത്തിനും ഇസ്ലാമിക നിയമങ്ങള്‍ക്കും അനുസൃതമായ ജീവിതമാണ് സ്ത്രീകള്‍ ഇപ്പോള്‍ നയിക്കുന്നതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും താലിബാന്‍ വക്താവ് അവകാശപ്പെട്ടു. പുരുഷന്‍മാര്‍ക്കൊപ്പമല്ലാതെ സ്ത്രീകള്‍ക്ക് നിലവില്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ അഫ്ഗാനിസ്ഥാനില്‍ അവകാശമില്ല. ദീര്‍ഘദൂര യാത്രകളും വിലക്കിയിട്ടുണ്ട്. ബുര്‍ഖ ധരിച്ച് മാത്രമേ പുറത്തിറങ്ങാവൂവെന്നും താലിബാന്‍ പറയുന്നു. 

ENGLISH SUMMARY:

Taliban sack over 280 members of the security forces after failing to grow beards