AI Generated Image

AI Generated Image

TOPICS COVERED

സോഷ്യൽ മീഡിയയിൽ നിമിഷം കൊണ്ട് ട്രെൻഡാകുന്നത് എന്താണെന്ന് പറയാൻ സാധിക്കില്ല. അങ്ങനെ ഒരു  റസിപ്പി വിഡിയോയിൽ നട്ടംതിരിയുകയാണ് ഒരു കുഞ്ഞൻ യൂറോപ്യൻ രാജ്യമൊന്നാകെ. കക്കിരി സാലഡ് ഉണ്ടാകുന്ന വിഡിയോ രാജ്യത്ത് വൈറലായതോടെ കക്കിരി ക്ഷാമം രൂക്ഷമായിരിക്കുകയാണ് ഐസ്‍ലാൻഡിൽ. 2021 ൽ ടിക് ടോക് വീഡിയോയ്ക്ക് പിന്നാലെ അമേരിക്കയിൽ ചീസിനുണ്ടായ ക്ഷാമത്തെയാണ് പലരും ഇതിനോട് ഉപമിക്കുന്നത്. 

എള്ളെണ്ണ, വെളുത്തുള്ളി, അരി വിനാഗിരി, മുളക്  എന്നിവയും കക്കിരിയും ചേർത്ത് സാലഡ് തയ്യാറാക്കുന്ന റസിപ്പി വിഡിയോയാണ് വൈറലായത്. 'കുക്കുമ്പർ ഗൈ' എന്ന് വിളിക്കപ്പെടുന്ന കാനേഡിയൻ കണ്ടന്റ് ക്രിയേറ്റർ ലോഗൻ മോഫിറ്റ് ആണ് വൈറൽ വിഡിയോയ്ക്ക് പിന്നിൽ. 5.5 മില്യൺ ഫോളേവേഴ്സുള്ള താരം ജൂലൈ മുതൽ എല്ലാ ദിവസവും കക്കിരി വിഭവങ്ങളുടെ വിഡിയോയാണ് പോസ്റ്റ് ചെയ്യുന്നത്. ഇക്കൂട്ടത്തിലൊന്നാണ് ഐസ്‍ലാൻഡിൽ കയറികൊളുത്തിയത്. 

പാചകക്കുറിപ്പ് ഹിറ്റായതിന് പിന്നാലെ ആവശ്യത്തിന് കക്കിരി നാട്ടിൽ കിട്ടാത്ത അവസ്ഥയിലാണ് രാജ്യം. കർഷകർക്ക് ആവശ്യത്തിന് സാധനം ലഭ്യമാക്കാൻ സാധിക്കാഞ്ഞതോടെ ഹോളണ്ടിൽ നിന്ന് അടിയന്തര ഇറക്കുമതി നടത്തിയെന്നാണ് ഐസ്‍ലാൻഡിലെ ഓൺലൈൻ സ്റ്റോറായ ക്രോണൻ പറയുന്നത്. 3.93 ലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് ആറു ദശലക്ഷം കക്കിരി വിളവെടുക്കുന്നുണ്ടെന്നാണ് കണക്ക്. അതേസമയം കക്കിരിക്കൊപ്പം മറ്റു ചേരുവകളുടെ വിൽപ്പനയും ഉയരുന്നുണ്ട്. 

എന്നാൽ, ഐസ്‌ലാൻഡിലെ കക്കിരി ക്ഷാമത്തിന് കാരണം വൈറൽ വിഡിയോ മാത്രമല്ലെന്നും രാജ്യത്ത് സംസാരമുണ്ട്. വർഷത്തിൽ ഈ സമയത്ത് ഐസ്‌ലാൻഡിൽ കക്കിരി ക്ഷാമം അനുഭവപ്പെടുന്നത് സാധാരണമാണെന്നും  പുതിയ ചെടികൾ നടുന്ന സമയമായതിനാലുള്ള ലഭ്യത കുറവും ഇപ്പോഴുണ്ടെന്നും വിപണന രം​ഗത്തുള്ളവർ പറയുന്നു. 

ENGLISH SUMMARY:

Salad trending after viral video in Iceland, country facing cucumber shortage