ക്വാലലംപുറില്‍ നടപ്പാത തകര്‍ന്ന് ഇന്ത്യക്കാരി ഓടയില്‍ വീണ് ഒഴുകിപ്പോയി. ആന്ധ്രയിലെ ചിറ്റൂര്‍ സ്വദേശിയായ വിജയലക്ഷ്മിയാണ് അപകടത്തില്‍പ്പെട്ടത്. വിജയലക്ഷ്മിയുടെ ഭര്‍ത്താവും മകനും അദ്ഭുതകരമായി രക്ഷപെട്ടു. വിജയലക്ഷ്മിക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇതുവരേക്കും വിവരമൊന്നും ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
ബിസിനസ് ആവശ്യങ്ങള്‍ക്കായി കുടുംബ സമേതം മലേഷ്യയില്‍ എത്തിയതായിരുന്നു ഇവര്‍. ഒരാഴ്ചയ്ക്കുള്ളില്‍ കുടുംബസമേതം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് വ്യാഴാഴ്ചയോടെ അപകടമുണ്ടായത്. ജലാന്‍ മസ്ജിദ് റോഡിലെ മലയന്‍ മാന്‍ഷന് സമീപത്തെ നടപ്പാതയാണ് തകര്‍ന്നത്. വിജയലക്ഷ്മി ഓടയിലേക്ക് വീഴുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്.
പ്രദേശത്ത് കനത്ത മഴയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനമടക്കം കഴിഞ്ഞ ദിവസം നിര്‍ത്തിവച്ചിരുന്നു. തിരച്ചിലില്‍ വിജയലക്ഷ്മിയുടെ ചെരുപ്പ് മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ഓടയ്ക്കുള്ളില്‍ മാലിന്യവും അടിയൊഴുക്കുകളും, വിഷവാതകവുമുള്ളത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനും കുടുംബത്തിനാവശ്യമായ മറ്റ് സഹായങ്ങള്‍ ഉറപ്പ് വരുത്തുന്നത് സംബന്ധിച്ചും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേന്ദ്രസര്‍ക്കാരുമായും മലേഷ്യയിലുള്ള ആന്ധ്രക്കാരുടെ സംഘടനയുമായും ബന്ധപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.