പ്രണയവും, ഡേറ്റിങ്ങും അതിനുശേഷം വിവാഹം  വിവാഹാനന്തരമുള്ള താമസം . ഒന്നിനും കാല്‍കാശ് മുടക്കേണ്ടെന്നാണ് ദക്ഷിണ കൊറിയന്‍ സര്‍ക്കാരിന്‍റെ പുതിയ നയം. എല്ലാം സര്‍ക്കാര്‍ തരും . ജനസംഖ്യയില്‍  പിന്നാക്കം പോകുന്നത് ചെറുക്കാനാണ്  സര്‍ക്കാരിന്‍റെ പുതിയ പദ്ധതികള്‍. 

 ജനസംഖ്യ കുറയുന്നത്  ദേശീയ പ്രശ്നമായി മാറിയതിന് പിന്നാലെയാണ് പുതിയ നയപരിപാടികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത് .

ഡേറ്റിങിന് ആഗ്രഹിക്കുന്നവര്‍ക്ക് സർക്കാർ സഹായത്തോടെ അത് തുടരാം. പീന്നിട് ഇരുവര്‍ക്കും പൊതു മ്യൂസിയങ്ങളിലോ പാർക്കുകളിലോ വെച്ച് വിവാഹം കഴിക്കാനും സര്‍ക്കാര്‍ സഹായം ലഭിക്കും. വിവാഹശേഷം ദമ്പതികളുടെ താമസത്തിനായി പ്രതിമാസ വാടകയായി 10,000 കെ.ആര്‍.ഡബ്ല്യൂ അതായത് 629.02 ഇന്ത്യന്‍ രൂപയും നല്‍കും.

വിവാഹിതരായി കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ തീരുമാനിക്കുന്ന  ദമ്പതിമാര്‍ക്ക്  64,000 ഡോളർ സമ്മാനം നൽകാനുള്ള ആശയവുമായി ബുസാൻ നഗരവും രംഗത്തെത്തിയിട്ടുണ്ട്. 2023-ലെ ഒരു സെൻസസ് പ്രകാരം വിദേശപൗരന്മാർ ഒഴികെയുള്ള കൊറിയയിലെ ആകെ ജനസംഖ്യ 49.84 ദശലക്ഷമാണ്. അതായത് 2022-നെ അപേക്ഷിച്ച് 101,000 (0.2%) കുറവാണ് ജനസംഖ്യ വര്‍ധനവിലുണ്ടായത്. 

പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം 2021 മുതൽ ജനസംഖ്യ വര്‍ധനവ് വർഷം തോറും കുറഞ്ഞുവരികയാണ്. കഴിഞ്ഞ വർഷം നടന്നത് 194,000 വിവാഹങ്ങൾ മാത്രമാണ്, അതായത് പത്ത് വർഷം മുമ്പുള്ളതിനേക്കാൾ 40% ഇടിവ്. യുവാക്കള്‍ക്ക് വിവാഹത്തോടും ഡേറ്റിങിനോടുമുള്ള താല്‍പ്പര്യക്കുറവാണ് ഇതിന് പിന്നിലെന്നാണ് സര്‍ക്കാര്‍ നിരീക്ഷണം. ഇത് ജനസംഖ്യാപരമായ തകർച്ചയ്ക്കും കാരണമാകുന്നുണ്ടെന്നാണ് നിരീക്ഷണം.

ENGLISH SUMMARY:

Korean government with financial assistance to go dating