വിമാനത്തിനുള്ള മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ കാരണം വലഞ്ഞത് നൂറുകണക്കിന് യാത്രക്കാര്‍. ലണ്ടനിലെ ഗാത്വിക് വിമാനത്താവളത്തില്‍ നിന്നും ഗ്രീസിലേക്കുള്ള വിമാനമാണ് യാത്രക്കാരന്‍റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് അടിയന്തരമായി ജര്‍മനിയില്‍ ഇറക്കിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഈസി ജെറ്റിന്‍റെ A320 ഫ്ലൈറ്റിലാണ് കയ്യാങ്കളിയോളമെത്തിയ സംഭവങ്ങള്‍ നടന്നത്.
വിമാനം പറക്കുന്നതിനിടെ സ്വാഭാവികമായി ഉണ്ടായ കുലുക്കത്തെ തുടര്‍ന്നാണ് മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ പ്രകോപിതനായത്. സീറ്റില്‍ നിന്നും എഴുന്നേറ്റ യാത്രക്കാരന്‍ വിമാനത്തിലെ ജീവനക്കാരോട് കയര്‍ത്ത് സംസാരിക്കാന്‍ തുടങ്ങി. പിന്നാലെ ഇന്‍റര്‍കോം തകര്‍ക്കുകയും ക്യാപ്റ്റനെ അസഭ്യം വിളിക്കുകയുമായിരുന്നു. പലതരത്തില്‍ ശ്രമിച്ചിട്ടും യാത്രക്കാരനെ ശാന്തനാക്കാന്‍ കഴിയാതിരുന്നതോടെ വിമാനം മ്യൂണിച്ച് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.
വിമാനത്തില്‍ നിന്നും വിവരമറിയിച്ചതിനെ തുടര്‍ന്ന് 'പ്രശ്നക്കാരനെ' സ്വീകരിക്കാന്‍ ജര്‍മന്‍ പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. വിമാനത്തിലെ മറ്റ് യാത്രക്കാരെ മുഴുവനായി പുറത്തിറക്കിയ ശേഷം ഹോട്ടലിലേക്ക് മാറ്റി. ബുധനാഴ്ച ഉച്ചയോടെയാണ് മ്യൂണിച്ചില്‍ നിന്നും വിമാനം ഗ്രീസിലേക്ക് പുറപ്പെട്ടത്.
യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ഈസി ജെറ്റ് ഏറ്റവും പ്രാമുഖ്യം നല്‍കുന്നതെന്നും ഏത് സാഹചര്യവും കൈകാര്യം ചെയ്യാന്‍ കെല്‍പ്പുള്ളവരാണ് കാബിന്‍ ക്രൂവെന്നും സംഭവം സ്ഥിരീകരിച്ച് വിമാനക്കമ്പനി വ്യക്തമാക്കി. വളരെ അപൂര്‍വമായേ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളൂവെന്നും പക്ഷേ മറ്റ് യാത്രക്കാരുടെ ജീവന്‍ കൂടി അപകടത്തിലാക്കുമാറ് ആരെങ്കിലും പെരുമാറുന്നത് അനുവദിക്കാനാവില്ലെന്നും യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും കമ്പനി അറിയിച്ചു.