രഹസ്യങ്ങള്‍ ഏറെയുണ്ട് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്. ദുരൂഹതകളും കെട്ടുകഥകളും ചൂഴ്ന്ന് നില്ക്കുന്ന ഭരണാധികാരി. ഒളിക്കാന്‍ പലതുമുണ്ട്. പ്രേതവണ്ടിയിലെ സഞ്ചാരവും ഗോസ്റ്റ് ട്രെയിന്‍ കഥകളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും പലത് കേട്ടു. ഡബിള്‍ ബോഡി ആരോപണങ്ങളും ഇതിനു പിന്നാലെ ലോകം ഒളിഞ്ഞും തെളിഞ്ഞും ചര്‍ച്ച ചെയ്തു. പുടിന്റെ നടത്തത്തിലെ കെജിബി സ്റ്റൈലും പലകുറി വാര്ത്താതലക്കെട്ടുകളായി. വ്യക്തിയല്ല കാലാതീതനായ അമരന് എന്നും പുടിനെക്കുറിച്ച് ലോകം പറയുന്നു.
ലിയാനോഡോ ഡാവിഞ്ചിയുടെ മോണാലിസയുമായും 19ാം നൂറ്റാണ്ടിലെ ഗ്രീക്ക് ജനറല്‍ വാള്്ടടിനോസുമായും സാമ്യമെന്നും പറഞ്ഞു. 16ാം നൂറ്റാണ്ടുമുതല്‍ പുടിന് പല പേരുകളില്‍ പല റോളുകളില്‍ ജീവിക്കുന്നുവെന്നാണ് ചിലരുടെ വാദം. ആരോഗ്യകാര്യങ്ങളിലോ മറ്റ് വ്യക്തിപരമായ കാര്യങ്ങളിലോ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ തയ്യാറല്ലാത്ത നേതാവാണ്. ചാരനില്‍ നിന്നും സമ്പന്നനിലേക്ക് എത്തിയ നേതാവ്. അതിബുദ്ധിമാനെന്നും ശരാശരി മനുഷ്യനെന്നും പലരും പറഞ്ഞു. അതിധൈര്യശാലിയെന്നും അതേസമയം പേടിത്തൊണ്ടനെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ക്രംലിന് പക്ഷേ ഈ കെട്ടുകഥകളിലോ ആരോപണങ്ങളിലോ വിളിപ്പേരുകളിലോ ഇന്നേവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഏറ്റവും ഒടുവിലായി ഇതാ ഒരു രഹസ്യബന്ധമാണ് കഥകളാകുന്നത്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് മുൻ ഒളിംപിക് ജിംനാസ്റ്റിക്സ് താരം അലീന കബൈവയിലുണ്ടായ 2 കുട്ടികളെക്കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്ത. ആരോരുമറിയാതെ ലോകം കാണാതെ ഈ കുട്ടികള്‍ രഹസ്യകേന്ദ്രത്തിൽ ആഡംബര ജീവിതം നയിക്കുന്നതായാണ് റിപ്പോർട്ട്. ഡോസിയർ സെന്റർ എന്ന അന്വേഷണാത്മക മാധ്യമസ്ഥാപനത്തിന്റെ വെബ്സൈറ്റിലാണ് റിപ്പോർട്ട്. ഐവാൻ (9), വ്ലാഡിമിർ ജൂനിയർ (5) എന്നീ പേരുകളില്‍ ഒമ്പതും അഞ്ചും വയസുള്ളവരാണ് പുട്ടിന്റെ സന്താനങ്ങള്‍. പുട്ടിനെക്കുറിച്ചുള്ള ഗോസ്റ്റ് ട്രെയിന്‍ വിവരങ്ങളും പുറത്തുവിട്ടത് ഡോസിയര്‍ സെന്റര്‍ തന്നെയായിരുന്നു.
മോസ്കോയ്ക്ക് വടക്കുപടിഞ്ഞാറുള്ള ലേക് വാൾഡേയിൽ ക്രെംലിൻ ഫെഡറൽ ഗാർഡുകളുടെ സുരക്ഷയിലുള്ള വീട്ടിലാണ് ഇവരുള്ളത്. അധ്യാപകരും ജോലിക്കാരും ഓഫിസർമാരുമല്ലാതെ ആരുമായും ഇവർക്ക് ബന്ധമില്ല. മാതാപിതാക്കളെ ഇവർ കാണുന്നത് വല്ലപ്പോഴും ഇരുട്ടിന്റെ മറവില്‍ മാത്രം. കുട്ടികളുടെ ചിത്രം ഉണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ പ്രസിദ്ധീകരിക്കുന്നില്ലെന്നാണ് വെബ്സൈറ്റ് വ്യക്തമാക്കുന്നത്.
പുട്ടിന്റെ മക്കളെക്കുറിച്ച് സർക്കാർ ഡേറ്റ ബേസിൽ ഒന്നും നൽകിയിട്ടില്ല. ഐവാൻ 2015 ൽ സ്വിറ്റ്സർലൻഡിലും വ്ലാഡിമിർ ജൂനിയർ 2019 ൽ മോസ്കോയിലും ജനിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്വകാര്യ വിദ്യാഭ്യാസം നടത്തുന്ന കുട്ടികൾ ഇംഗ്ലിഷും ജർമനും പഠിക്കുന്നുണ്ട്. സ്കീയിങ് പരിശീലനം നടത്തുന്നുമുണ്ട്. റഷ്യന്‍ ഭരണാധികാരിക്ക് ആൺമക്കളോട് പ്രത്യേക വാത്സല്യമുള്ളതായും ഡോസിയര്‍ പറയുന്നു.