രണ്ട് അധ്യാപകരെയും രണ്ട് സഹപാഠികളെയും സ്കൂളില്‍വച്ച് വെടിവച്ച് കൊലപ്പെടുത്തിയ വിദ്യാര്‍ഥിയുടെ കുടുംബപശ്ചാലത്തലം അതിഭീകരം. 14 വയസുകാരനായ കുട്ടിയാണ് മുന്‍പ് യുഎസിലെ സ്കൂളില്‍ നാലുപേരെ വെടിവച്ച് കൊലപ്പെടുത്തിയത്. ഈ കുട്ടിയുടെ അയല്‍ക്കാരിയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. കുട്ടി കൊലപാതകി ആയില്ലെങ്കിലേ അദ്ഭുതമുള്ളൂ എന്നു ചിന്തിക്കേണ്ടുന്ന സാഹചര്യമാണ് ആ കുട്ടിയുടെ കുടുംബത്തില്‍. അമ്മ പേരുകേട്ട ക്രിമിനല്‍. സ്ഥിരം കേസും അറസ്റ്റും. അതും ലഹരി ഉപയോഗവും ഗാര്‍ഹികകുറ്റങ്ങളുടെയും പേരില്‍.
പതിനാലുകാരന്റെ അമ്മ മാര്‍കി കുഞ്ഞുങ്ങളെ വളര്‍ത്തിയത് വളരെ മോശം രീതിയിലാണ്. അമ്മ നല്‍കേണ്ട സ്നേഹമോ ലാളനയോ പരിചരണമോ ആ കുട്ടികള്‍ക്കു കിട്ടിയിട്ടില്ല. പലപ്പോഴും കുട്ടികളെ വീടിനു പുറത്തിട്ട് വാതിലടക്കും. പിന്‍വശത്തെ വാതില്‍വഴി വീട്ടിലേക്ക് കയറിയ കുട്ടികളെ ഉപദ്രവിക്കുന്നതായും അയല്‍ക്കാരി വ്യക്തമാക്കുന്നു. പലപ്പോഴും അമ്മ അമ്മ അമ്മ എന്ന് കുഞ്ഞുങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞ് കരയുന്നതും ബഹളവും പുറത്തേക്ക് കേള്‍ക്കാം. പലപ്പോഴും ഈ കുഞ്ഞുങ്ങള്‍ ഭക്ഷണത്തിനു വേണ്ടി അയല്‍ക്കാരോട് യാചിക്കുന്ന അവസ്ഥ വരെയുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തുന്നു.
17 വര്‍ഷത്തെ ക്രിമിനല്‍ ഹിസ്റ്ററി ഉള്ള വ്യക്തിയാണ് മാര്‍കി. മദ്യപിച്ച് വാഹനമോടിച്ചതുള്‍പ്പെടെ നിയമലംഘനങ്ങള്‍, ലഹരിഉപയോഗം, ലഹരികടത്ത്, സാധനങ്ങള്‍ നശിപ്പിക്കല്‍, ഗാര്‍ഹികപീഡനം, ഈ വക കുറ്റങ്ങളെല്ലാം ഇവര്‍ക്കുമേല്‍ ചാര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലും ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്നും അയല്‍ക്കാരി തുറന്നു പറയുന്നു. ലഹരി ഉപയോഗിച്ചും മദ്യപിച്ചുമാണ് ഇളയ കുഞ്ഞിനെ ഡേ കെയറില്‍ കൊണ്ടുവിടുന്നതെന്നും വെളിപ്പെടുത്തല്‍. അതേസമയം കുട്ടികളുടെ പിതാവായ കോളിന്‍ ഗ്രേ അധികം സംസാരിക്കുന്നയാളോ ബഹളം കാണിക്കുന്ന വ്യക്തിയോ അല്ല. ആ വീട്ടിനുള്ളില്‍ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദം അങ്ങേയറ്റം ഭീതിദമാണെന്നും അയല്‍ക്കാരി ന്യൂയോര്‍ക്ക് പോസ്റ്റിനോട് വ്യക്തമാക്കുന്നു.