കണ്ടാല്‍ ഒരു കൂറ്റന്‍ തിമിംഗലം.. അടുത്തെത്തിയാലോ പുഞ്ചിരിക്കുന്ന മുഖം, വശങ്ങളിലായി കണ്ണുകളും! ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം പറന്നിറങ്ങിയ വിമാനം കണ്ടവരെല്ലാം അമ്പരന്നു. എയര്‍|ബസിന്‍റെ ബെലൂഗ'യാണ് സോഷ്യല്‍ ലോകത്തെയും താരം. ഫ്രാന്‍സിലെ ടൂലുസില്‍ നിന്നുമാണ് ഈ 'തിമിംഗല വിമാനം' ലണ്ടനിലേക്ക് എത്തിയത്.
കഴിഞ്ഞ ഏപ്രിലില്‍ മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ച് 'പരുക്ക്' പറ്റിയ ബ്രിട്ടിഷ് എയര്‍വേസ് വിമാനത്തിനായുള്ള കുറച്ച് സ്പെയര്‍ പാര്‍ട്സ് എത്തിക്കാനാണ് വിമാനം എത്തിയത്. വിമാനം തിരികെ ഫ്രാന്‍സിലേക്ക് മടങ്ങി. വിമാനത്തിന്‍റെ ഭാഗങ്ങളും വലിയ അളവില്‍ ചരക്കെത്തിക്കുന്നതിനുമായാണ് സാധാരണയായി ബെലൂഗ വിമാനം സര്‍വീസ് നടത്തുക. ഇത്തരത്തിലുള്ള ആറ് ബെലൂഗ വിമാനങ്ങളാണ് എയര്‍ബസിന്‍റെ പക്കല്‍ നിലവിലുള്ളത്.
ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ തിമിംഗലങ്ങളാണ് ബെലൂഗ തിമിംഗലങ്ങളെന്നതാണ് മറ്റൊരു കൗതുകം. അതേ പേരിലുള്ള ബെലൂഗ വിമാനമാവട്ടെ, ഏറ്റവും വലിപ്പമേറിയ വിമാനങ്ങളിലൊന്നും. കാഴ്ചയിലെ അമ്പരപ്പ് വിമാനത്തിനുള്ളില്‍ കയറിയാലും മാറില്ല. റോള്‍സ് റോയ്സ് ട്രന്‍റ് 700 ടര്‍ബോ ഫാന്‍ എഞ്ചിനാണ് വിമാനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
വാതിലുകളും പടുകൂറ്റന്‍ തന്നെ. 7.5 മീറ്റര്‍ ഉയരവും 8.1 മീറ്റര്‍ വീതിയുമാണ് വാതിലിന്‍റെ അളവ്. അതായത് ചില വിമാനങ്ങളെക്കാള്‍ വിസ്താരമുണ്ട് വാതിലിനെന്ന് ചുരുക്കം. 40–50 മെട്രിക് ടണ്‍ (40,000-50,000 ടണ്‍) ഭാരം വഹിക്കാനുള്ള ശേഷിയും വിമാനത്തിനുണ്ട്. കഴിഞ്ഞ വര്‍ഷം നിര്‍മിച്ച ബെലൂഗയാണ് ഇത്തരത്തിലെ അവസാനത്തേതെന്നാണ് സൂചന.