വഴിതെറ്റിപ്പോകുന്ന ഭര്‍ത്താക്കാന്‍മാരെ വീടിനുള്ളിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ സെക്സ് അപ്പീല്‍ ട്രെയിനിങ് ക്ലാസുകളില്‍ ചേര്‍ന്ന് ചൈനീസ് യുവതികള്‍. ഭര്‍ത്താക്കന്‍മാരെ 'വശീകരിക്കാനുള്ള' തന്ത്രങ്ങള്‍ പഠിപ്പിക്കുന്നതിന് 35,000ത്തോളം രൂപയാണ് പരിശീലകര്‍ ഫീസായി ഈടാക്കുന്നത്. ഹാങ്ചോയില്‍ കഴിഞ്ഞമാസം അവസാനത്തോടെയാണ് ഈ ക്യാംപ് നടന്നത്. ജീവിതത്തെ സ്വന്തം വരുതിയില്‍ ഒരു സ്ത്രീ നിര്‍ത്തുന്നതാണ് സെക്സ് അപ്പീല്‍ എന്നതായിരുന്നു പരസ്യത്തിലെ വാചകങ്ങളിലൊന്ന്. പരമ്പരാഗത ചൈനീസ് കുടുംബ സങ്കല്‍പ്പത്തില്‍ ലൈംഗികതയെ വളരെ സ്വകാര്യ വിഷയമായാണ് കണ്ടിരുന്നത്. അതില്‍ നിന്നുള്ള വലിയ മാറ്റമാണ് ഈ ക്യാംപെന്നാണ് വിലയിരുത്തല്‍.
ശരീരത്തോട് ഒട്ടിക്കിടക്കുന്ന ചിയോങ്സം (ക്വിപ്പോ) ഉടുപ്പും കറുത്ത സ്റ്റോക്കിങ്സ് (കാലുറകള്‍) ധരിച്ചെത്തണമെന്നായിരുന്നു ട്രെയിനിങ് ക്യാംപിലെ നിര്‍ദേശം. ട്രെയിനിങിന്‍റെ ആദ്യ ദിനത്തില്‍ സ്നേഹത്തിന്‍റെ സത്തയെ കുറിച്ചും രതിമൂര്‍ച്ഛ എങ്ങനെ കൈവരിക്കാമെന്നതിനെ കുറിച്ചുമായിരുന്നു ക്ലാസ്. ചുംബനത്തെ കുറിച്ചും, താല്‍പര്യം ജനിപ്പിക്കുമാറുള്ള നൃത്തത്തെ കുറിച്ചും സ്വകാര്യ സന്ദര്‍ഭങ്ങളില്‍ ഇടപെടേണ്ട രീതികളെ കുറിച്ചുമായിരുന്നു രണ്ടാം ദിവസത്തെ ക്ലാസ്.
മകന്‍റെ സഹപാഠിയെ പ്രണയിച്ച 54കാരി മുതല്‍ ഭര്‍ത്താവിന്‍റെ പരസ്ത്രീ ബന്ധം കാരണം ക്യാംപിന് വന്നവര്‍ തുടങ്ങി 35 മുതല്‍ 55 വയസുവരെ പ്രായമുള്ളവരാണ് ട്രെയിനിങ് ക്ലാസിനെത്തിയത്. വിവാഹിതരായ സ്ത്രീകള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുകയും അവരുടെ കരുത്ത് അവരെ ഓര്‍മപ്പെടുത്തുകയുമാണ് ക്യാംപിലൂടെ ലക്ഷ്യമിട്ടതെന്ന് സംഘാടകരും പറയുന്നു. അതേസമയം ക്യാംപ് നടത്തിയ ദി സെക്സ് അപ്പീല്‍ അക്കാദമിയെന്ന സ്ഥാപനത്തെ കുറിച്ച് വെബ്സൈറ്റിലടക്കം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. രാജ്യത്തെ റജിസ്ട്രേഡ് സെക്സ് തെറപ്പിസ്റ്റുകളാണ് ക്ലാസെടുക്കാന്‍ വന്നതെന്നാണ് സംഘാടകരിലൊരാളായ ചി സിയാഒന്‍ വ്യക്തമാക്കിയത്.
പുതിയ ട്രെയിനിങിനെതിരെ വ്യാപക വിമര്‍ശനമാണ് ചൈനയില്‍ ഉയരുന്നത്. ഇത് അസാന്‍മാര്‍ഗികമായ ഇടപാടാണെന്നും ദുര്‍ബലരായ സ്ത്രീകളില്‍ നിന്ന് പണം തട്ടാനുള്ള മാര്‍ഗമാണെന്നും പലരും സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ആരോഗ്യകരമായ ശീലങ്ങളിലൂടെയും സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെയും ഉന്നത വിദ്യാഭ്യാസത്തിലൂടെയുമാവണം സ്ത്രീകള്‍ അവരുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കേണ്ടതെന്നും ഇത്തരം തട്ടിപ്പുക്ലാസുകളില്‍ പോയി തലവയ്ക്കരുതെന്നും ഉപദേശിക്കുന്നവരാണ് ഏറെയും.