TOPICS COVERED

2022ലെ ജനകീയ പ്രക്ഷോഭത്തിന് ശേഷം ആദ്യമായി ശ്രീലങ്കയില്‍ ഇന്ന് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്. സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികളില്‍ നിന്ന് കരകയറാനുള്ള അവസരമായാണ് ജനം തിരഞ്ഞെടുപ്പിനെ കാണുന്നത്. ദ്വീപ് രാഷ്ട്രത്തിലെ രാഷ്ട്രീയ ചലനം ഇന്ത്യയ്ക്കും ചൈനയ്ക്കും നിര്‍‌ണായകമാണ്. നാളെ രാവിലെയോടെ അന്തിമഫലമറിയാം.

2022-ൽ ഗോട്ടബയ രാജപക്സെ സര്‍ക്കാരിനെതിരെയുണ്ടായ ജനകീയ പ്രക്ഷോഭത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്. സാമ്പത്തികപ്രതിസന്ധി, തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി, മനുഷ്യാവകാശ ലംഘനങ്ങള്‍, സ്വജനപക്ഷപാതം തുടങ്ങി അന്നത്തെ ജനകീയ പ്രതിഷേധത്തിൽ ഉയർന്ന വിഷയങ്ങൾക്ക് പലതിനും ഇപ്പോഴും പരിഹാരമായിട്ടില്ല എന്നതിനാല്‍തന്നെ തിരഞ്ഞെടുപ്പിലെ ചര്‍ച്ചാവിഷയങ്ങള്‍ക്ക് മാറ്റമില്ല. 

എങ്കിലും പലിശനിരക്ക് കുറഞ്ഞതും രൂപയുടെ മൂല്യം ഉയർന്നതും അടക്കം പ്രതീക്ഷ നല്‍കുന്നൊരന്തരീക്ഷത്തിലാണ് തിരഞ്ഞെടുപ്പ്.  താൽക്കാലിക പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത റനിൽ വിക്രമസിംഗെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരരംഗത്തുണ്ട്. പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ, നാഷണൽ പീപ്പിൾസ് പവറിന്‍റെ അനുരകുമാര ദിസനായകെ, രാജപക്സെ കുടുംബത്തിലെ ഇളമുറക്കാരന്‍ നമൽ രാജപക്സെ എന്നിവരടക്കം 38പേരാണ് തിരഞ്ഞെടുപ്പ് ഗോദയിലുള്ളത്. 

ആഭ്യന്തര യുദ്ധത്തില്‍ എല്‍.ടി.ടിക്കെതിരെ പോരാടിയ ഫീൽഡ് മാർഷൽ ശരത് ഫൊൻസേകയും സ്വതന്ത്രനായി മത്സരരംഗത്തുണ്ട്. അതേസമയം, ദ്വീപരാഷ്ട്രത്തിലെ തിരഞ്ഞെടുപ്പ് ഫലം ഇന്ത്യയ്ക്കും ചൈനയ്ക്കും നിര്‍ണായകമാണ്. ദുരിതകാലത്ത് ഇന്ത്യ നല്‍കിയ സഹായങ്ങള്‍ ഒരുവശത്തുള്ളപ്പോള്‍ വ്യവസായ സൗഹൃദത്തിന്‍റെ പേരില്‍ ചൈന നടത്തുന്ന ഇടപെടലുകള്‍ ഇന്ത്യ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. എങ്കിലും പ്രധാനസ്ഥാനാര്‍ഥികള്‍ക്ക് ഇന്ത്യയോട് താല്‍പര്യമുള്ളത് അയല്‍ബന്ധം ശക്തിയായി തുടരുന്നതിന് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. 

ENGLISH SUMMARY:

The island nation of Sri Lanka will vote for a new President