ലബനനിൽ 2006 ന് ശേഷം കണ്ട ഏറ്റവും വലിയ ആക്രമണമാണ് തിങ്കളാഴ്ച ഇസ്രയേൽ നടത്തിയത്. ഇതുവരെ 500 പേർക്കാണ് വ്യോമാക്രമണത്തിൽ ജീവൻ നഷ്ടമായത്. ഇസ്രയേൽ ആക്രമണത്തിൻറെ വ്യാപ്തി വ്യക്തമാക്കുന്നൊരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലബനൻ മാധ്യമ പ്രവർത്തകൻ വാർത്ത വായിക്കുന്നതിനിടെ മിസൈൽ പതിക്കുന്നതാണ് വിഡിയോ.
Also Read: ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണത്തിന് തിരിച്ചടി; ഇസ്രയേൽ നടത്തിയത് 650 ആക്രമണങ്ങൾ
വാർത്ത വായിക്കുന്നതിനിടെ മിസൈൽ പതിച്ചതോടെ ജനലുകളും ചുമരും തകരുന്നത് വിഡിയോയിൽ കാണാം. മാധ്യമ പ്രവർത്തകൻ ഓടി രക്ഷപ്പെടുകയായിരുന്നു. മറയ ഇൻ്റർനാഷണൽ നെറ്റ്‌വർക്കിന്റെ ഡയറക്ടർ ജനറലായ ഫാദി ബൗഡിയയാണ് അപകടത്തിൽപ്പെട്ടത്.
ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് 24 മണിക്കൂറിനിടെ ലബനനിൽ 650 ലധികം ആക്രമണങ്ങളാണ് ഇസ്രയേൽ സേന നടത്തിയത്. 1,300 ഹിസുബല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. എന്നാൽ ആശുപത്രികളും മെഡിക്കൽ സെന്ററുകളും ആംബുലൻസുകളും അടക്കം സ്ഫോടനത്തിൽ തകർന്നതായി ലബനൻ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
Also Read: ഹിസ്ബുല്ല തൊടുത്ത് വിട്ടത് 85 പുത്തൻ ഫാദി മിസൈൽ; ആയുധപുരയിൽ ഇനിയും ശേഖരം; ഭീഷണി
ഹിസ്ബുല്ലയുടെ ആയുധകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്നലെ രാവിലെ മുതലാണ് ഇസ്രയേൽ വ്യോമാക്രമണം ആരംഭിച്ചത്. ഇസ്രയേലിന്റെ വടക്കൻ മേഖലയിലേക്ക് ഹിസ്ബുല്ല 200 ലധികം റോക്കറ്റ് ആക്രമണം നടത്തി.
ഹിസ്ബുല്ല കേന്ദ്രങ്ങളിൽ നിന്ന് ഉടൻ ഒഴിയാൻ ഇസ്രയേലി സൈന്യം തദ്ദേശവാസികളോട് ഫോൺ, ടെക്സ്റ്റ് സന്ദേശം വഴി ആവശ്യപ്പെട്ടിരുന്നു. സന്ദേശങ്ങൾ ലഭിച്ചതോടെ വിവിധയിടങ്ങളിൽ പലായനം നടക്കുകയാണ്. ഇസ്രയേൽ ഹാക്ക് ചെയ്തതിനാൽ ബ്രോഡ്കാസ്റ്റിങ് തടസപ്പെട്ടതായി ലബനൻ റേഡിയോ സ്റ്റേഷൻ വ്യക്തമാക്കി.