വിമാനത്തില്‍ യാത്രക്കാരിയായ യുവതിക്ക് ഭക്ഷണത്തില്‍ നിന്ന് ജീവനുള്ള എലിയെ ലഭിച്ചതായി കണ്ടെത്തിയതോടെ അടിയന്തിരമായി ലാന്‍ഡ് ചെയ്ത് സ്കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സിന്‍റെ വിമാനം. നോര്‍വേയില്‍ നിന്ന് സ്പെയിനിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന ജാര്‍ലെ ബോര്‍സ്റ്റാഡ് എന്ന വ്യക്തിയാണ് സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞത്.
ബോര്‍സ്റ്റാഡിന്‍റെ തൊട്ടടുത്തിരുന്ന യുവതിയുടെ ഭക്ഷണത്തില്‍ നിന്നാണ് ജീവനുള്ള എലി ചാടി വീണത്. യാത്രക്കാര്‍ സംയമനം പാലിച്ചതാണ് വിമാനത്തില്‍ പ്രശ്നങ്ങളുണ്ടാകാതിരുന്നതെന്ന് ബോര്‍സ്റ്റാഡ് പ്രതികരിച്ചു. ‘വിമാനത്തില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്നാണ് എലി ചാടി വീണത്. യാത്രക്കാര്‍ വലിയ ബഹളമുണ്ടാക്കിയില്ല. എന്‍റെ പാന്‍റിനു മുകളിലൂടെ സോക്സ് വലിച്ചു കയറ്റിയാണ് പിന്നീടുള്ള യാത്ര തുടര്‍ന്നത്. അതുവഴി എലി വസ്ത്രത്തിനുള്ളില്‍ കയറിയാലോ എന്നു പേടിച്ചു’ എന്നാണ് ബോര്‍സ്റ്റാഡ് പറഞ്ഞത്.
സ്പെയിനിലേക്കുള്ള വിമാനം ഇതോടെ ഡെന്‍മാര്‍ക്കിലേക്ക് തിരിച്ചുവിട്ടു. സുരക്ഷയെ കരുതി വിമാനം അടിയന്തിരമായി അവിടെ ലാന്‍ഡ് ചെയ്തു. ഡെന്‍മാര്‍ക്കില്‍ നിന്ന് മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ സ്പെയിനിലേക്ക് അയച്ചത്. യാത്ര കുറച്ചു മണിക്കൂറുകള്‍ ഒരു എലി കാരണം നീണ്ടു എന്നും ബോര്‍സ്റ്റാഡ് വ്യക്തമാക്കി.
തീര്‍ത്തും ഒറ്റപ്പെട്ട സംഭവമാണിതെന്നാണ് പിന്നീട് വിമാനക്കമ്പനി പ്രതികരിച്ചത്. ‘വിമാനത്തില്‍ എലിയെ കണ്ട സംഭവത്തില്‍ വേണ്ട നടപടികള്‍ തുടരുകയാണ്. വിമാനത്തിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സപ്ലൈയര്‍മാരുമായി ബന്ധപ്പെട്ട് വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടിയിരിക്കുന്നു’ എന്ന് വിമാനക്കമ്പനിയുടെ വക്താവ് അലക്സാന്ദ്ര ലിന്‍ഡ്ഗ്രെന്‍ കവോക്ജി വ്യക്തമാക്കി.