ലബനനില്‍ ഹിസ്ബുല്ലയുടെ ആസ്ഥാനകേന്ദ്രം തകര്‍ത്ത് ഇസ്രയേല്‍. ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്റല്ലയെ ലക്ഷ്യമിട്ടാണ് ബെയ്റൂട്ടിലെ പ്രധാന ഓഫിസടക്കം നാല് കെട്ടിടങ്ങളില്‍ വ്യോമാക്രമണം നടത്തിയത്. നസ്റല്ല കൊല്ലപ്പെട്ടോയെന്ന് സ്ഥിരീകരണമില്ല. 40 വര്‍ഷത്തോളമായി സംഘടനയുടെ നേതൃത്വം വഹിക്കുന്ന നസ്റല്ല ഇസ്രയേലിന്‍റെ ഹിറ്റ് ലിസ്റ്റില്‍ പെട്ടയാളാണ്. ഒരു മരണം അധികൃതർ സ്ഥിരീകരിച്ചു. 50 പേർക്കു പരുക്കേറ്റു. സ്ഫോടനത്തിന്റെ ആഘാതത്തിൽ 24 കിലോമീറ്റർ അകലെയുള്ള കെട്ടിടങ്ങളും കുലുങ്ങി.
കഴിഞ്ഞ വെള്ളിയാഴ്ച, ഹിസ്ബുല്ലയുടെ മുതിർന്ന നേതാവ് ഇബ്രാഹിം ആക്വിൽ കൊല്ലപ്പെട്ടത് ദഹിയയിൽ ഇസ്രയേൽ നടത്തിയ സമാനമായ ആക്രമണത്തിലാണ്. അതിർത്തിനഗരമായ ഷെബായിൽ ഇന്നലെ പുലർച്ചെ 3ന് ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. ഇതിൽ 4 കുട്ടികളടക്കം ഒരു കുടുംബത്തിലെ 9 പേരും ഉൾപ്പെടുന്നു. തിങ്കളാഴ്ചയ്ക്കുശേഷം ഇസ്രയേൽ ആക്രമണങ്ങളിൽ ലബനനിൽ എഴുനൂറോളം പേർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ലബനനിൽനിന്ന് 90,000 പേർ പലായനം ചെയ്തതായി യുഎൻ വ്യക്തമാക്കി.
അതേസമയം, ഹിസ്ബുല്ലയ്ക്കെതിരെ യുദ്ധം തുടരുമെന്ന് യുഎന്‍ പൊതുസഭയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രയേലിന് എത്തിപ്പെടാനാകാത്ത ഒരു സ്ഥലവും ഇറാനിലില്ലെന്ന് മുന്നറിയിപ്പോടെ നെതന്യാഹു പറഞ്ഞു.