NASRULLA-NEW-HD

ലെബനനിൽ വ്യോമാക്രമണം തുടരുകയാണ് ഇസ്രായേൽ. ദിവസങ്ങള്‍ നീണ്ട ആസുത്രണത്തിനൊടുവിലാണ് അവർ തന്ത്രപൂർവം നസ്റുല്ലയെ കൊലപ്പെടുത്തിയത്. ഇപ്പോഴിതാ അയാളുടെ മൃതദേഹം തെക്കൻ ബെയ്റൂട്ടിൽ കണ്ടെത്തിയിരിക്കുന്നു. സാധാരണ ​ഗതിയിൽ മിസൈലാക്രണത്തിൽ ഒരാൾ കൊല്ലപ്പെട്ടാൽ  മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരിക്കും. എന്നാൽ ഇവിടെ അങ്ങിനെയല്ല...  

തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ  നിന്ന് കണ്ടെടുത്ത മൃതദേഹത്തില്‍ ഒരു പോറൽ പോലുമില്ല. മിസൈൽ ആക്രമണം മൂലമുണ്ടായ സ്ഫോടനത്തിന്‍റെ  ആഘാതത്തിലാവാം മരണമുണ്ടായതെന്നാണ് നി​ഗമനം. എന്നാൽ നസ്രുള്ളയുടെ മരണ കാരണം എന്താണ്? സംസ്കാരം നടത്തിയോ? തുടങ്ങിയ ചോദ്യങ്ങളോടൊന്നും  പ്രതികരിക്കാൻ തയ്യാറല്ല ഹിസ്ബുല്ല. 

ബെയ്റൂട്ടിന് ഒരു പ്രത്യേകതയുണ്ട്. ഹിസുബുള്ളയ്ക്ക് മാത്രം പരിചിതമായ തുരങ്ക പാതകളാൽ സമ്പന്നമാണവിടം. ഈ തുരങ്കങ്ങൾ ഭൂമിക്കടിയിൽ എവിടെയൊക്കെയാണെന്ന് പ്രവചിക്കുക അസാധ്യമാണ്. പുറത്തുള്ള ഒരാൾക്ക് ഈ തുരങ്ക പാതകളെ കണ്ടെത്താൻ കഴിയില്ല. ഹിസ്ബുള്ള അതീവ രഹസ്യമായി നിർമ്മിച്ച ഈ തുരങ്കം ലക്ഷ്യം വെച്ചുള്ള മിസൈലാക്രമണത്തിലാണ് നസ്റുല്ല കൊല്ലപ്പെടുന്നത്. അതെ.. ഒറ്റുകാരൻ സ്വന്തം പാളയത്തിൽ തന്നെയാണ്. ബങ്കറിൽ നസ്റുല്ലയുണ്ടെന്ന വിവരം ഇസ്രയേലിന് ചോർത്തിയത് ഇറാൻ പൗരനായ ചാരനാണ്.  

ഇത്തവണ ഇസ്രയേലിന്‍റെ അപ്രതീക്ഷിതമായ വ്യോമാക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ നസ്രുള്ളയ്ക്ക് കഴിഞ്ഞില്ല. തെക്കൻ ബെയ്റൂട്ടിലെ 60 അടി താഴ്ചയിലുള്ള ബങ്കർ ലക്ഷ്യം വെച്ചാണ് ആ മിസൈൽ പതിച്ചത്. നസ്റുല്ലയും ഇസ്രയേൽ വർഷങ്ങളായി നോട്ടമിട്ടിട്ടുള്വ  ഹിസ്ബുല്ല നേതാക്കളും തിരിച്ചടിക്ക് തയ്യാറെടുക്കുന്നതിനിടെയാണ്  ഉ​ഗ്രശേഷിയുള്ള മിസൈൽ ബങ്കർ ബോംബുകൾ അവരുടെ ജീവനെടുത്തത്. 

ഏകദേശം 80 ടൺ സ്‌ഫോടകവസ്തുക്കളാണ് നസ്രുള്ളയുടെ ജീവനായി ഇസ്രായേൽ ഉപയോ​ഗിച്ചത്. ഭൂമിക്കടിയിലെ തുരങ്കങ്ങളിലേക്ക് ആഴത്തിൽ തുളച്ചുകയറാൻ ശേഷിയുള്ള “ബങ്കർ-ബസ്റ്റർ” ബോംബുകളാണ് ഉപയോ​ഗപ്പെടുത്തിയത്.    85 ബങ്കർ ബസ്റ്റർ ബോംബുകളെങ്കിലും  നസ്റുള്ളയുടെ  മൃതദേഹം  കണ്ടെത്തിയ ദാഹിയിൽ പ്രയോ​ഗിച്ചതായാണ് കരുതുന്നത്. ആക്രമണം എത്ര ശക്തമായിരുന്നെന്ന് അതില്‍ നിന്ന് തന്നെ ഊഹിക്കാമല്ലോ.  

മണ്ണിനടിയിലൂടെയാണെങ്കിൽ 30 മീറ്ററും, കോൺക്രീറ്റ് പ്രതലത്തിലാണെങ്കിൽ ആറു മീറ്ററും ആഴത്തിലേക്കെത്താന്‍ ശേഷിയുള്ള ബോംബുകളാണ് ബങ്കർ പ്രതിരോധങ്ങളെ തകർത്ത് ഹിസ്ബുള്ള നേതാക്കളുടെ ജീവനെടുത്തത്. ലെബനനിൽ ഇന്നലെ നടത്തിയ ആക്രമണത്തിൽ 105 പേരാണ് വെന്ത് വെണ്ണീറായത്. ഗസയിലെ ആക്രമണത്തിൽ ഇന്നലെ കൊല്ലപ്പെട്ടത് 28പേർ. 

24 മണിക്കൂറിനിടെ രാജ്യത്തു 216 ബോംബാക്രമണങ്ങളുണ്ടായെന്ന് ലബനൻ സർക്കാർ‌ സ്ഥിരീകരിക്കുന്നു. ഏത് നിമിഷവും രാജ്യത്തേക്ക് ഇസ്രയേൽ സൈന്യം പ്രവേശിച്ചേക്കുമെന്ന സൂചന നൽകി അതിർത്തിയിൽ ടാങ്കുകളും കവചിതവാഹനങ്ങളും നിരന്നിരിക്കുകയാണ്. 

ENGLISH SUMMARY:

Banned Bunker Buster Bombs used by Israel to kill Hezbollah chief Hassan Nasrallah