ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി ഇന്ത്യന്‍ എംബസി. അനാവശ്യമായി പുറത്ത് പോകരുതെന്നും സുരക്ഷിതസ്ഥാനത്ത് തുടരണമെന്നും എംബസി നിര്‍ദേശം നല്‍കി. ബങ്കറിലേക്ക് മാറാനുള്ള അറിയിപ്പ് യഥാസമയം ലഭിച്ചെന്ന് ടെല്‍ അവീവില്‍ നിന്ന് അരുണ്‍ വര്‍ഗീസ് മനോരമ ന്യൂസിനോട് പറഞ്ഞു. നിലവില്‍ ആശങ്കയില്ലെന്നും മലയാളികള്‍ അടക്കമുള്ളവര്‍ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. Read Also: ഇറാന്റെ തിരിച്ചടി എത്തിയത് 12 മിനിറ്റ് കൊണ്ട്; ഇസ്രയേൽ പ്രതിരോധം ഇങ്ങനെ...
അതേസമയം, ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേല്‍ തിരിച്ചടിക്കുമോ എന്ന് ഉറ്റുനോക്കി ലോകം. നാനൂറിലേറെ മിസൈലുകള്‍ ഇറാന്‍ തൊടുത്തതിന് പിന്നാലെ പ്രത്യാക്രമണം രൂക്ഷമാകുമെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് മുന്നറിയിപ്പ് നല്‍കി. ഇസ്രയേലിന് അമേരിക്ക പൂര്‍ണപിന്തുണ നല്‍കിയിട്ടുണ്ട്.ഇന്ത്യക്കാര്‍ സുരക്ഷിതസ്ഥാനത്ത് തുടരണമെന്നാണ് എംബസി നിര്‍ദേശം.
പശ്ചിമേഷ്യ കലുഷിതം. മിസൈലാക്രമണത്തില്‍ ഇറാനെതിരെ ശക്തമായി നീങ്ങാന്‍ ഇസ്രയേല്‍. ഹമാസ്, ഹിസ്ബുല്ല നേതാക്കള്‍ക്കെതിരായ ആക്രമണത്തിലുള്ള ഇറാന്‍ പ്രതികാരം ലക്ഷ്യംവച്ചത് ഇസ്രയേല്‍ സൈനികപോസ്റ്റുകള്‍. ഇസ്രയേല്‍ ആക്രമണത്തിന് തക്കതായ മറുപടി നല്‍കിയെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അല്‍ ഖമനായി പ്രതികരിച്ചു. പക്ഷെ, ആക്രമണം പരാജയമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു.പകരം ചോദിക്കുമെന്നും മുന്നറിയിപ്പ്. ഇസ്രയേലിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരിക്കുകയാണ് അമേരിക്ക.
കമല ഹാരിസും ജോ ബൈഡനും ദേശീയ സുരക്ഷാ കൗണ്‍സിലുമായി അടിയന്തരയോഗം ചേര്‍ന്നു. സ്ഥിതി വിലയിരുത്താന്‍ യുഎന്‍ രക്ഷാസമിതി ഇന്ന് ചേരും. സംഘര്‍ഷം വ്യാപിക്കുന്നത് തടയണമെന്നും മധ്യസ്ഥം വഹിക്കാമെന്നും ഇന്ത്യ. ഇറാന്റെ ആക്രമണത്തെ അപലപിച്ച് ബ്രിട്ടന്‍, ജര്‍മനി, സ്പെയിനടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തി. വെടിനിര്‍ത്തല്‍ അനിവാര്യമെന്ന് യുഎന്‍. സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് പറഞ്ഞു. ടെല്‍ അവീവിലെ ജാഫയില്‍ നടന്ന വെടിവയ്പ്പില്‍ മരണം ആറായി. ഭീകരാക്രമണസാധ്യതയില്‍ അന്വേഷണം തുടരുകയാണ്.താല്‍ക്കാലികമായി അടച്ച വ്യോമപാത ഇസ്രയേല്‍ തുറന്നിട്ടുണ്ട്.