israeli-airstrike

ലെബനനില്‍ അതിശക്തമായ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. ഇന്നുപുലര്‍ച്ചെ തലസ്ഥാനമായ ബെയ്റൂട്ടില്‍ നടത്തിയ ബോംബാക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ ബെയ്റൂട്ടിലെ ഹിസ്ബുല്ല ദുരിതാശ്വാസകേന്ദ്രത്തിലാണ് ബോംബുകള്‍ വീണത്. തെക്കന്‍ ലെബനനില്‍ ഇന്നലെ ഹിസ്ബുല്ല പോരാളികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് ഇസ്രയേലി സൈനികര്‍ കൊല്ലപ്പെട്ടതിനുപിന്നാലെയാണ് ഇസ്രയേല്‍ കനത്ത ആക്രമണം അഴിച്ചുവിട്ടത്. 

Read Also: ഇസ്രയേലിന്‍റെ 8 സൈനികരെ വധിച്ച് ഹിസ്ബുല്ല; തിരിച്ചടിയോ? ആക്രമണം കടുക്കുന്നു

ഒരുവര്‍ഷത്തിനിടെ ഇസ്രയേല്‍ സൈന്യത്തിന് നേരിടുന്ന ഏറ്റവും വലിയ ആള്‍നാശമായിരുന്നു ഇന്നലെ തെക്കന്‍ ലെബനനിലുണ്ടായത്. ഒരുവര്‍ഷത്തിനിടെ ഹിസ്ബുല്ല പോരാളികളും ഇസ്രയേല്‍ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ 1900 പേര്‍ കൊല്ലപ്പെടുകയും 9000ലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇസ്രയേല്‍ ചൊവ്വാഴ്ച ഗാസയില്‍ നടത്തിയ ആക്രമണ പരമ്പരയില്‍ കുട്ടികളടക്കം 51 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.

 

അതേസമയം ഇറാന്‍റെ മിസൈല്‍ ആക്രമണത്തിന് ഇസ്രയേല്‍ തിരിച്ചടി നല്‍കാനൊരുങ്ങുന്നുവെന്ന സൂചന ശക്തമായി. ചൊവ്വാഴ്ച ഇരുന്നൂറോളം മിസൈലുകളാണ് ഇറാന്‍ ഇസ്രയേലിനുനേരെ വര്‍ഷിച്ചത്. ഇതില്‍ ഏറെയും ഇസ്രയേല്‍ മിസൈല്‍ പ്രതിരോധസംവിധാനം ഉപയോഗിച്ച് തടുത്തു. എന്നാല്‍ ഇസ്രയേല്‍ വ്യോമസേനാകേന്ദ്രത്തിന് ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ സംഭവിച്ച കേടുപാടുകളുടെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു. ഇതോടെയാണ് ഇസ്രയേല്‍ പ്രത്യാക്രമണത്തെക്കുറിച്ചുള്ള ആശങ്ക വര്‍ധിച്ചത്. ഇറാനും ഇസ്രയേലും തമ്മില്‍ സമ്പൂര്‍ണ യുദ്ധം ആരംഭിക്കുമെന്ന ആശങ്കയിലാണ് ലോകം. ഇറാന്‍റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള ഇസ്രയേല്‍ നീക്കത്തെ പിന്തുണയ്ക്കില്ലെന്ന് അമേരിക്ക അറിയിച്ചതായാണ് വിവരം. 

ENGLISH SUMMARY:

six dead in Israeli air strike on central Beirut