beirut-blast

ഇസ്രയേല്‍ വ്യോമാക്രമണത്തിനു പിന്നാലെ ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ കനത്ത സ്ഫോടനങ്ങള്‍. ബെയ്റൂട്ട് വിമാനത്താവളത്തിനു സമീപത്താണ് വ്യോമാക്രമണമുണ്ടായത്. നേരത്തെ മേഖലയിലെ രണ്ട് കെട്ടിടങ്ങള്‍ക്ക് സമീപത്തുള്ള സാധാണക്കാരോട് ഉടന്‍ സ്ഥലം വിടാന്‍ ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ ലബനനില്‍ ഇസ്രയേല്‍  നടത്തിയ ആക്രമണത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടെന്നും 151 പേര്‍ക്ക് പരുക്കേറ്റെന്നും ലബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവ് ഹാഷിം സഫിയെദ്ദീന്‍ ആയിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്ന് ഇസ്രയേൽ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.  ഹസ്ന്‍ നസ്റല്ലയുടെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ളയാളായിരുന്നു ഹാഷിം സഫിയെദ്ദീന്‍. 

Read Also: ഏപ്രിൽ സംഭവത്തിന് തിരിച്ചടി വന്നത് ഒരാഴ്ചയ്ക്ക് ശേഷം; ഇസ്രയേലിന്‍റെ മനസിലെന്ത്?

അതിനിടെ വെസ്‌റ്റ്ബാങ്കിനു സമീപം തുൽകര്‍മിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് സാഹി യാസർ അബൽ റാസഖ് കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. തുൽകര്‍മിലെ അഭയാർഥി ക്യാംപിനുനേരെ ആക്രമണം നടത്തിയതായി നേരത്തെ ഇസ്രയേൽ സൈന്യം പ്രസ്‌താവനയിൽ സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടെന്ന് പലസ്‌തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംഭവത്തെ അപലപിച്ച പലസ്തീൻ ആക്രമണം അവസാനിപ്പിക്കാൻ രാജ്യാന്തര ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. ആക്രമണം ആർക്കും സുരക്ഷയും സ്‌ഥിരതയും നൽകില്ലെന്നും മേഖലയെ കൂടുതൽ സംഘർഷഭരിതമാക്കുമെന്നും പലസ്തീൻ വ്യക്തമാക്കി.

 

അതിനിടെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന്  യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനെ തടയുമെന്ന ഇസ്രയേല്‍ വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെ യു.എന്‍ രക്ഷാസമിതി ഗുട്ടറസിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ കൂടുന്ന പശ്ചാത്തലത്തില്‍ യു.എന്‍ സെക്രട്ടറി ജനറലുമായോ യു.എന്‍ രക്ഷാസമിതിയുമായോ ഇടപഴകേണ്ടതില്ലെന്ന ഏതൊരു തീരുമാനവും വിപരീത ഫലമേ ഉണ്ടാക്കൂവെന്ന് 15 അംഗ കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രയേലിന്റെ പേര് എടുത്തുപറയാതെയായിരുന്നു പ്രസ്താവന. 

ENGLISH SUMMARY:

Massive blasts in Beirut after renewed Israeli air strikes