ഓഫിസ് കംപ്യൂട്ടറില്‍ ജോലിസമയത്ത് വെറുതെ ഗൂഗിളില്‍ തിരഞ്ഞിരിക്കുന്നവര്‍ ജാഗ്രതൈ! പണി പോകും. ബ്രിട്ടണിലെ കസ്റ്റമര്‍ സര്‍വീസ് എക്സിക്യൂട്ടിവായിരുന്ന ഇരുപത്താറുകാരന് കിട്ടിയത് എട്ടിന്‍റെ പണി. ജോഷ് വില്യംസ് എന്ന യുവാവ് ജോലിക്ക് കയറിയിട്ട് മൂന്നുമാസമേ ആയിരുന്നുള്ളു. മാനേജര്‍ സിസ്റ്റം പരിശോധിച്ചപ്പോള്‍ ജോഷിന്‍റെ പ്രധാനപണി ഗൂഗിളില്‍ തിരയലാണ്. ടര്‍ക്കി ടൂത്ത് മുതല്‍ ടിവി താരം സൈമണ്‍ കോവലിന്റെ ബോട്ടോക്സ് ചികില്‍സ വരെയുണ്ടായിരുന്നു സെര്‍ച്ചുകളില്‍.
ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതിന്‍റെ പേരില്‍ ജോലിയില്‍ നിന്ന് പുറത്താക്കുമോ എന്നൊക്കെ ആലോചിക്കാന്‍ വരട്ടെ. ഒന്നുംരണ്ടുമല്ല 50 മണിക്കൂറിലേറെയാണ് ജോഷ് ഓഫിസ് കംപ്യൂട്ടറില്‍ ഗൂഗ്ളിങ് നടത്തിയത്. ബാക്കിയുള്ള ദിവസങ്ങളില്‍ മെഡിക്കല്‍ ലീവും. കക്ഷി പണിയൊന്നുമെടുക്കുന്നുണ്ടായിരുന്നില്ലെന്ന് ചുരുക്കം. പക്ഷേ തനിക്ക് ജോലിയൊന്നും തന്നിരുന്നില്ലെന്നാണ് ജോഷിന്‍റെ വാദം.
പിരിച്ചുവിട്ടതോടെ ബ്രിസ്റ്റോള്‍ സ്വദേശിയായ ജോഷിന് രോഷം തിളച്ചു. നേരെ ടിക് ടോക്കില്‍ കയറി ഒരു വിഡിയോ അങ്ങ് പോസ്റ്റ് ചെയ്തു. അതുവരെ ഉണ്ടാക്കിയ സമ്പാദ്യം കൊണ്ട് തുര്‍ക്കിയില്‍ പോയി പല്ലൊക്കെ ശരിയാക്കി തിരിച്ചുവന്നപ്പോഴാണ് പണി തെറിച്ചതെന്നും ഗൂഗിള്‍ സെര്‍ച്ച് ഒരു തെറ്റാണോ എന്നുമൊക്കെയായിരുന്നു നിലപാട്. എന്നാല്‍ 50 മണിക്കൂറിലേറെ ഗൂഗിളില്‍ പാഴാക്കിയതും തുടര്‍ച്ചയായി സിക്ക് ലീവ് എടുത്തകാര്യവുമെല്ലാം തുറന്നുപറഞ്ഞുള്ള വിഡിയോ ജോഷിന് വന്‍ പാരയായി.
മറ്റ് സ്ഥാപനങ്ങളില്‍ കസ്റ്റമര്‍ സര്‍വീസ് ജോലികള്‍ക്കായി അപേക്ഷിച്ച ജോഷിനെ മൂന്നിടങ്ങളില്‍ നിന്ന് അഭിമുഖത്തിന് വിളിച്ചു. ഓരോ സ്ഥലത്തും ചെല്ലുമ്പോള്‍ ടിക്ടോക് വിഡിയോയില്‍ കണ്ടയാളാണല്ലേ എന്നായി ചോദ്യം. നിങ്ങളുടെ മൂല്യങ്ങളും കമ്പനി മൂല്യങ്ങളുമായി ഒത്തുപോവില്ലെന്നുപറഞ്ഞ് എല്ലാവരും തിരിച്ചയച്ചു. ഇതോടെയാണ് മുന്‍പിന്‍ നോക്കാതെയുള്ള പ്രതികരണത്തിന്‍റെ ഫലം ജോഷ് മനസിലാക്കിയത്.
പണി പോയ സമയത്ത് ടിക് കോട് വിഡിയോകളില്‍ നിന്ന് ലഭിച്ച ചെറിയ വരുമാനം കൊണ്ടാണ് ജോഷ് വീട്ടുവാടക കൊടുത്തിരുന്നത്. എന്നാല്‍ മറ്റൊരു ജോലി ലഭിക്കുന്നതിന് ഇത് തടസമായതോടെ കക്ഷി ആകെ പെട്ടു. ഒടുവില്‍ കസ്റ്റമര്‍ സര്‍വീസ് ജോലികള്‍ക്ക് അപേക്ഷിക്കുന്നത് നിര്‍ത്തി. തന്നെ അറിയാത്ത മറ്റൊരുമേഖലയില്‍ ജോലി തേടി. ഫുഡ് ഡിസ്ട്രിബ്യൂഷന്‍ രംഗത്ത് സപ്ലൈ ചെയിന്‍ കോഓര്‍ഡിനേറ്ററായാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. തനിക്ക് ഒരിക്കലും ചേരാത്ത പണിയാണിതെന്നുപറഞ്ഞ് കയ്യിലുള്ള ജോലിയെയും ജോഷ് ഇകഴ്ത്തുന്നുണ്ട്. ഏതായാലും ഗൂഗിള്‍ സെര്‍ച്ച് കാരണം ജോലി പോയ ആള്‍ എന്ന പേര് അടുത്തൊന്നും ജോഷിനെ വിട്ടുപോകില്ലെന്നുറപ്പ്.