അഭയാര്‍ഥി ക്യാംപിലെ ദൃശ്യം

അല്‍–ഖ്വയ്ദ അനുബന്ധ സംഘടനയുടെ ആക്രമണത്തില്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിന ഫാസോയില്‍ 600 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 24നുണ്ടായ ക്രൂരത ലോകം ഇപ്പോഴാണ് അറിയുന്നത്. 'ജമാഅത്ത് നുസ്രത് അല്‍ ഇസ്​ലാം വല്‍ മുസ്​ലിമിന്‍' (JNIM) എന്ന സംഘടനയാണ് ക്രൂരതയ്ക്ക് പിന്നില്‍. കിടങ്ങുകള്‍ കുഴിക്കാനും മറ്റുമായി സൈനികരെ സഹായിച്ചുവെന്ന കുറ്റം ആരോപിച്ചായിരുന്നു ഭീകര സംഘടന നാട്ടുകാരെ കൂട്ടക്കൊല ചെയ്തത്. ഗ്രാമീണരെ കൂട്ടത്തോടെ ബാര്‍സ്​ലോങ്കോ എന്ന സ്ഥലത്തേക്ക് ബൈക്കുകളിലെത്തിച്ച ശേഷം അവരുണ്ടാക്കിയ കിടങ്ങുകളിലേക്ക് ഇറക്കി ഇരുത്തി വെടിവച്ച് കൊല്ലുകയായിരുന്നു. ബുര്‍കിന ഫാസോയുടെ ചരിത്രത്തില്‍ ഒരു ജിഹാദിസ്റ്റ് സംഘടന നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. 

രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു കൂട്ടക്കൊലയെന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടൊരാള്‍ രാജ്യാന്തര മാധ്യമങ്ങളോട് വെളിപ്പെടുത്തി. കുറ്റിക്കാട്ടില്‍ ഒളിച്ചത് കൊണ്ടുമാത്രമാണ് രക്ഷപെട്ടതെന്ന് മറ്റൊരാളും വെളിപ്പെടുത്തി. മൂന്ന് ദിവസമെടുത്താണ് പ്രദേശത്ത് നിന്നും മൃതദേഹങ്ങള്‍ പുറത്തെത്തിച്ച് സംസ്കരിച്ചതെന്നും പലയിടങ്ങളിലായി മനുഷ്യ ശരീരങ്ങള്‍ ചിതറിക്കിടന്നുവെന്നും ഒരു യുവതിയും വെളിപ്പെടുത്തി. സൈനികരെ സഹായിക്കുന്നത് ഇനിയും തുടര്‍ന്നാല്‍ ഗുരുതര പ്രത്യഘാതം നേരിടേണ്ടി വരുമെന്നും സംഘടന ഗ്രാമീണരോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍

അല്‍ഖ്വയ്ദയുടെ മാലിയിലെ അനുബന്ധ സംഘടനയാണ് ജെഎന്‍ഐഎം. 300 കലാപകാരികളെ വകവരുത്തിയെന്നായിരുന്നു സംഘടനനയുടെ അവകാശവാദം. 200 പേരുടെ മരണം ഐക്യരാഷ്ട്ര സംഘടന സ്ഥിരീകരിച്ചു. അതേസമയം, 600 പേര്‍ മരിച്ചതായാണ് ഫ്രഞ്ച് സര്‍ക്കാരിന്‍റെ സുരക്ഷാവിഭാഗത്തിന്‍റെ കണക്ക്. 2015ലാണ് ബുര്‍കിന ഫാസോയില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടലുകള്‍ ആരംഭിച്ചത്. ഇതിനകം 20000 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്നും 20 ലക്ഷം ജനങ്ങള്‍ ജീവനും കൊണ്ട് ബുര്‍കിനഫാസോ വിട്ടോടിയിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. 

ENGLISH SUMMARY:

About 600 people were killed within a few hours by members affiliated with Al-Qaeda in an August attack on the town of Barsalogho in Burkina Faso.