പതിവ് മലയറ്റത്തിനിടയില്‍ സാങ്കല്‍പ്പിക ജീവിയെന്നും അമാനുഷിക ജീവിയെന്നും പറയപ്പെടുന്ന ബിഗ്ഫൂട്ടിനെ താന്‍ നേരിട്ട് കണ്ടെന്ന് വെളിപ്പെടുത്തി സഞ്ചാരി. ഓക്ലഹോമയിലെ പാരലല്‍ ഫോറസ്റ്റിലാണ് ബിഗ്ഫൂട്ടിനെ കണ്ടതായി ടിക്ടോക്കര്‍ കൂടിയായ സഞ്ചാരി അവകാശപ്പെടുന്നത്. അങ്ങേയറ്റം ഭീതിദമായ കാഴ്ചയായിരുന്നുവെന്നും ഒന്‍പത് സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ പങ്കുവച്ച് ഇദ്ദേഹം കുറിച്ചിട്ടുണ്ട്. ടിക്ടോക്കര്‍ പങ്കുവച്ച ദൃശ്യങ്ങള്‍ പക്ഷേ അത്ര വ്യക്തതയുള്ളതല്ല.
'ബിഗ്ഫൂട്ട് എന്‍റെ കാമറയില്‍ പതിഞ്ഞുവെന്നാണ് കരുതുന്നത്. ജീവിതത്തിലെ ഏറ്റവും ഭീതിദമായ നിമിഷം. വെറുതേ കാഴ്ച കാണാന്‍ ഇറങ്ങിയപ്പോഴാണ് വിദൂരത്ത് നിന്നും ഈ ദൃശ്യം കണ്ണില്‍പ്പെട്ടതെന്നും ആ കാഴ്ചയുടെ നടുക്കവും വിറയലും ഇതുവരെയും മാറിയിട്ടില്ലെ'ന്നും വിഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ പറയുന്നു.
രോമാവൃതമായ വലിയ കാലുകളോട് കൂടിയ ജീവിയെ വിഡിയോയില്‍ കാണാം. ഒറ്റക്കാഴ്ചയില്‍ ആള്‍ക്കുരങ്ങെന്ന് തോന്നുമെങ്കിലും അസാമാന്യ വലിപ്പവും മനുഷ്യന്‍റേത് പോലെയുള്ള നടത്തവുമാണ് വിഡിയോയിലെ ജീവിക്കുള്ളത്. ദേവദാരു മരങ്ങള്‍ക്കിടയിലൂടെ നടക്കുന്ന ബിഗ്ഫൂട്ട് ഒരു മരത്തിന്‍റെ ചുവട്ടില്‍ ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
അതേസമയം, വിഡിയോ വ്യാജമാണെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും നിരവധിപ്പേര്‍ കമന്‍റ് ചെയ്തു. 1987ലെ 'ഹാരി ആന്‍റ് ഹെന്‍ഡേഴ്സന്‍' എന്ന സിനിമ പോലെയുണ്ടെന്നായിരുന്നു ഒരാള്‍ കുറിച്ചത്. ഇത് ആരോ വേഷം കെട്ടിയതാണെന്നും മസിലിന്‍റെയോ അസ്ഥികളുടെയോ ചലനങ്ങള്‍ വിഡിയോയിലെ ജീവിയില്‍ ദൃശ്യമല്ലെന്നും കമന്‍റുകളുണ്ട്. എന്നാല്‍ ബിഗ്ഫൂട്ടല്ല, ഇതുവരെ നമ്മള്‍ തിരിച്ചറിയാത്ത ഏതോ ഒരു ജീവിയാണെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. അതേസമയം, ബിഗ്ഫൂട്ട് ഒരിക്കലും കെട്ടുകഥയല്ലെന്നും പ്രാചീന അമേരിക്കന്‍ കഥകളിലെല്ലാം ബിഗ്ഫൂട്ടിനെ കുറിച്ച് പരാമര്‍ശമുണ്ടെന്നും ആളുകള്‍ എഴുതുന്നു.
വടക്കേ അമേരിക്കന്‍ കാടുകളില്‍ അലഞ്ഞു തിരിയുന്ന മനുഷ്യനുമായും ആള്‍ക്കുരങ്ങുമായും സാദൃശ്യമുള്ള രോമാവൃതമായ ജീവിയാണ് ബിഗ്ഫൂട്ടെന്നാണ് സങ്കല്‍പ്പം. ഇതിനെ സാസ്ക്വാച് എന്നും അമേരിക്കക്കാര്‍ വിളിക്കാറുണ്ട്. 24 ഇഞ്ച് നീളവും എട്ടിഞ്ച് വീതിയുമുള്ള കാല്‍പാടുകള്‍ ബിഗ്ഫൂട്ടിന്‍റേതായി കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കന്‍ നാടോടിക്കഥ പോലെ ബിഗ്ഫൂട്ടിനെ കുറിച്ചുള്ള രഹസ്യവും ചുരുളഴിയാക്കഥയായി നില്‍ക്കുകയാണ്. ബിഗ്ഫൂട്ടിന്‍റെ അറിയാക്കഥകള്‍ തേടി ഡോക്യുമെന്‍ററികളും സിനിമകളും ഉണ്ടായിട്ടുണ്ട്.