TOPICS COVERED

ലോകാത്ഭുതങ്ങളില്‍ ഒന്നായ പിരമിഡ് നിര്‍മാണത്തിനായി ഹൈഡ്രോളിക് മെഷീനുകള്‍ ഉപയോഗിച്ചുവെന്ന നിര്‍ണായക പഠനം പുറത്ത്. ലക്ഷക്കണക്കിന് അടിമകളെ ഉപയോഗിച്ച് വര്‍ഷങ്ങളെടുത്ത് നിര്‍മിച്ചവയാണ് ഈജിപ്തിലെ പിരമിഡുകള്‍ എന്നാണ് ഇതുവരെ കരുതിപ്പോന്നത്. അതില്‍ വമ്പന്‍ ട്വിസ്റ്റാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. അക്കാലത്ത് ഹൈഡ്രോളിക് മെഷീനുകള്‍ ഉപയോഗിച്ചു എന്നതു തന്നെ അത്ഭുതപ്പെടുത്തുന്ന അറിവാണ്.

പതിറ്റാണ്ടുകളായി പിരമിഡുകളെക്കുറിച്ച് പല പഠനങ്ങളും നടന്നുവരുന്നുണ്ട്. സാഹസിക യാത്രികരും ചരിത്രാന്വേഷികളും പുരാതന കാര്യങ്ങളെക്കുറിച്ച് സൂക്ഷ്മനിരീക്ഷണം നടത്തുന്ന വിദഗ്ധര്‍ പോലും അമാനുഷികം എന്നാണ് പിരമിഡ് നിര്‍മാണത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ഇതൊരിക്കലും മനുഷ്യസാധ്യമായ ഒന്നല്ല, ഒരുപക്ഷേ അന്യഗ്രഹജീവികള്‍ നിര്‍മിച്ചവയാകാം ഈജിപ്തില്‍ കാണുന്ന പിരമിഡുകള്‍ എന്ന വാദം പോലും പലരും മുന്നോട്ടുവച്ചു.

എന്നാല്‍, ഈ വാദങ്ങളെയെല്ലാം അപ്രസക്തമാക്കുന്ന പഠന റിപ്പോര്‍ട്ടാണ് PLOS ONE എന്ന ജേര്‍ണല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭാരമുള്ള വസ്തുക്കള്‍ പരസ്പരം ബന്ധിപ്പിച്ച റാമ്പുകളും ലിവറുകളും ഉപയോഗിച്ച് ഉയര്‍ത്തിയിരുന്നിരിക്കാം എന്ന് നേരത്തെ ചില പഠനങ്ങള്‍ സൂചന നല്‍കിയിരുന്നു. ഹൈട്രോളിക് ലിഫ്റ്റ് സിസ്റ്റം പിരമിഡ് നിര്‍മാണത്തിന് ഉപയോഗപ്പെടുത്തി എന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പഠനം ചൂണ്ടിക്കാട്ടുന്നത്.

ഫ്രാന്‍സിലെ സിഇഎ പാലിയോടെക്നിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സേവ്യര്‍ ലാന്‍ഡ്രൂ ആണ് പഠനത്തിനു പിന്നില്‍. സമീപപ്രദേശത്തെ കനാലുകളില്‍ നിന്നുള്ള ജലം പിരമിഡ് നിര്‍മാണത്തില്‍ നിര്‍ണായക പങ്കുവഹിച്ചു എന്നാണ് ലാന്‍ഡ്രൂ പഠനത്തില്‍ പറയുന്നത്. കലപ്പത്തണ്ടുപോലെയുള്ള വസ്തുകള്‍ ഉപയോഗിച്ച് പിരമിഡിലേക്ക് ജലമെത്തിച്ചായിരുന്നു നിര്‍മാണ പ്രവര്‍ത്തികള്‍ എന്നാണ് ലാന്‍ഡ്രൂവിന്‍റെ കണ്ടെത്തല്‍. 

പുരാതന ഈജിപ്തുകാര്‍ അവരുടെ നിര്‍മാണ വൈദഗ്ധ്യം കൊണ്ട് പ്രശസ്തി ആര്‍ജിച്ചവരാണ്. ജലസേചനത്തിന് കനാലുകള്‍ അവര്‍ ഉയോഗപ്പെടുത്തി. കനാലുകളിലൂടെ ഭാരമുള്ള കല്ലുകളും മറ്റും കൊണ്ടുപോകാനും ഇവര്‍ക്കു സാധിച്ചു. ഫറവോമാരുടെ ലോകംകണ്ട ഏറ്റവും മികച്ച നിര്‍മിതിക്ക് ജലചലനവിദ്യ ഉപയോഗപ്പെടുത്തി എന്നത് പുതിയ അറിവാണെന്ന് മാത്രമല്ല, അതിസാഹസികമായ കണ്ടെത്തല്‍ കൂടിയാണ് എന്നാണ് ലാന്‍ഡ്രൂവും സംഘവും പഠനത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

സഖാറയിലെ ജോസര്‍ പിരമിഡ് കേന്ദ്രീകരിച്ചായിരുന്നു ലാന്‍ഡ്രൂവിന്‍റെ പഠനം നടന്നത്. 13,189 സ്ക്വയര്‍ മീറ്ററാണ് പിരമിഡിന്‍റെ വിസ്തൃതി. 62.5 മീറ്റര്‍ പൊക്കമുള്ള പിരമിഡ് 4,500 വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിച്ചതാണെന്ന് കരുതിപ്പോരുന്നു. മൂന്നാം രാജവംശമായ ഫറവോ ജോസറിന്‍റെ പേരിലാണ് പിരമിഡ് അറിയപ്പെടുന്നത്. അദ്ദേഹത്തെ ഇവിടെയാണ് മറവുചെയ്തിരിക്കുന്നത്. 

പിരമിഡിനു സമീപമുള്ള ഗിസ്ർ എൽ-മുദിർ എന്ന നിര്‍മിതിയെച്ചൊല്ലിയും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ അനവധിയാണ്. ഗ്രേറ്റ് എൻക്ലോഷർ എന്ന പേരിലും അറിയപ്പെടുന്ന ഗിസ്ർ എൽ-മുദിർ ഒരു ചെക്ക് ഡാം ആയിരുന്നുവെന്നാണ് ലാന്‍ഡ്രൂവിന്‍റെ പഠനത്തില്‍ പറയുന്നത്. പല ബ്ലോക്കുകളായി തിരിച്ചാണ് ഇതിന്‍റെ നിര്‍മാണം. വെള്ളം എത്തിക്കാനും എക്കല്‍ അടിഞ്ഞുകൂടാനുമെല്ലാം സഹായിക്കുന്ന തരത്തിലാണ് ഇത് നിര്‍മിച്ചതെന്നും പഠനം സൂചിപ്പിക്കുന്നു.

എന്നാല്‍ മേല്‍പറഞ്ഞ കാര്യങ്ങളിലെല്ലാം വിശദമായ പഠനവും വ്യക്തതയും ആവശ്യമാണ്. പിരമിഡ് നിര്‍മാണത്തിനു പിന്നിലുള്ള ചുരുളഴിയാത്ത രഹസ്യങ്ങളിലേക്കുള്ള ആഴ്ന്നിറങ്ങലിന്‍റെ ആദ്യപടി മാത്രമാണ് ഈ പഠന റിപ്പോര്‍ട്ടിലൂടെ പുറത്തെത്തുന്നത്, വിശദമായി തന്നെ പല കാര്യങ്ങളും വിശകലനം ചെയ്യേണ്ടതുണ്ട്. കൂടുതല്‍ വ്യക്തമായ പഠനങ്ങളും റിപ്പോര്‍ട്ടുകളും വേണ്ടതുണ്ടെന്നും പഠനത്തിന്‍റെ ഭാഗമായ ഗവേഷകരിലൊരാള്‍ വ്യക്തമാക്കി.

ENGLISH SUMMARY:

A new study reveals that Egypt's oldest pyramid may have been constructed using technology far more advanced than previously thought- specifically, involving water. While experts previously believed the pyramid was constructed using interconnected ramps and levers to move heavy materials, the new study suggests that the builders may have utilized a hydraulic lift system.Based on new analysis, the study suggests that water was directed into the pyramid through two shafts, which helped raise and lower a float carrying large stone blocks.