കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇസ്രയേലും ഹമാസും ഹിസ്ബുല്ലയുമൊക്കെ ഉള്‍പ്പെട്ട ആക്രമണപരമ്പരയില്‍ ജനങ്ങളുടെ ദുരിതം പുറത്തെത്തിച്ച ഒട്ടേറെ കാഴ്ചകളുണ്ട്. മാധ്യമപ്രവര്‍ത്തകരുടെയടക്കം ജീവന്‍ പൊലിഞ്ഞ യുദ്ധത്തില്‍ അവര്‍തന്നെ പകര്‍ത്തിയ ദൃശ്യങ്ങളടക്കം മറക്കാനാകാത്ത ഓര്‍മച്ചിത്രങ്ങള്‍. മരണത്തിന്റെ മരവിപ്പും നിലവിളിയും പലായനവും പട്ടിണിയുമൊക്കെ കണ്ട അത്തരം ചില കാഴ്ചകളാണ് ഇനി കാണുന്നത്.
ഇസ്രയേലില്‍ മിന്നലാക്രമണം നടത്തിയ ഹമാസ് നിര്‍ദാക്ഷ്യണ്യമില്ലാതെ യുവതികളെയടക്കം തട്ടിക്കൊണ്ടുപോകുന്ന കാഴ്ച. ഇസ്രയേലിന്‍റെ പ്രത്യാക്രമണത്തില്‍ ഗാസയിലെ ജനങ്ങളുടെ ദുരിതക്കാഴ്ചകള്‍. സ്വന്തം മകന്‍റെ മൃതദേഹം ചുമലിലേറ്റ് നെഞ്ചുതകര്‍ന്നൊരു പിതാവ്.
പരുക്കേറ്റ പൊന്നുമക്കളെയുമെടുത്തുകൊണ്ടോടുന്നു മാതാപിതാക്കള്‍.. സ്വന്തം മക്കളുടെയടക്കം പ്രിയപ്പെട്ടവരുടെ മരണത്തില്‍ ആര്‍ത്തലച്ചുകരയുന്ന അമ്മമാര്‍. ആശ്വസിപ്പിക്കാന്‍ പോലുമാകാത്ത കാഴ്ചകള്‍. യുദ്ധനിയമങ്ങള്‍ കാറ്റില്‍ പറത്തപ്പെടുന്നു. ആശുപത്രികളില്‍ പോലും രക്ഷയില്ലാത്ത ഗാസയിലെ ജനം. യുദ്ധം ബാക്കി വയ്ക്കുന്ന പട്ടിണിയുടെ കാഴ്ച. ഒരു കഷ്ണം ബ്രഡിനായി കൈനീട്ടിക്കരയുന്ന ബാല്യങ്ങള്‍. പലായനം. ഉടുത്തിരുന്നൊരു തുണി മാത്രമെടുത്ത് എല്ലാം ഉപേക്ഷിച്ചോടേണ്ടിവരുന്ന ജനത. യുദ്ധം ബാക്കിവയ്ക്കുന്നത് ഈ കാഴ്ചകളാണ്. സുരക്ഷിതകോട്ടകളിലിരുന്ന് ആഹ്വാനം ചെയ്യുന്നവര്‍ക്കല്ല, പ്രിയപ്പെട്ടവര്‍ക്കൊപ്പം സമാധാനത്തോടെ ജീവിക്കുന്നവര്‍ക്കാണ് യുദ്ധം ദുരിതം കൈമാറുന്നതെന്നതിന്‍റെ നേര്‍സാക്ഷ്യങ്ങള്‍.