israel-hamas
  • ഹമാസിന്‍റെ സായുധസേന വിഭാഗത്തെ പൂര്‍ണമായും കീഴടക്കിയെന്ന് ഇസ്രയേല്‍
  • ഹമാസ് ആക്രമണത്തിന്‍റെ ഒന്നാം വാര്‍ഷികത്തിലാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിന്‍റെ പ്രഖ്യാപനം

ഹമാസിന്‍റെ സായുധസേന വിഭാഗത്തെ പൂര്‍ണമായും കീഴടക്കിയെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍. ആക്രമണത്തിന്‍റെ ഒന്നാം വാര്‍ഷികത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം. അതേസമയം, ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. തെക്കന്‍ ബെയ്റൂട്ടില്‍ ഹിസ്ബുല്ലയുടെ സാന്നിധ്യമുള്ള മേഖലകള്‍ തകര്‍ത്തു. ഹിസ്ബുല്ലയുടെ ആയുധം സൂക്ഷിക്കുന്ന കേന്ദ്രങ്ങളില്‍ സ്ഫോടനം നടത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. 

ഹിസ്ബുല്ല കമാന്‍ഡര്‍ ഖാദര്‍ അലി താവിലിനെ വധിച്ചെന്ന സൈന്യത്തിന്റെ പ്രഖ്യാപനത്തില്‍ ഹിസ്ബുല്ല ഇതുവരെ പ്രതികരിച്ചിട്ടില്ല.ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണത്തില്‍ തുറമുഖ നഗരമായ ഹൈഫ തകര്‍ക്കാന്‍ ശ്രമം. പത്ത് പേര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയയുടെ മധ്യമേഖല ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നാശനഷ്ടമുണ്ടായതായി സിറിയന്‍ പ്രതിരോധമന്ത്രാലയവും പറഞ്ഞു. അതേസമയം, ടെഹ്റാനിലെ രണ്ട് വിമാനത്താവളങ്ങള്‍ പഴയസ്ഥിതിയിലേക്ക് കടന്നു. 

 

അതേസമയം,  ഇസ്രയേലിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ മുറിവിന് ഇന്നേക്ക് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനാണ് ഹമാസ് സായുധസംഘം ഇസ്രയേലിലേക്ക് കടന്നുകയറി മിന്നലാക്രമണം നടത്തുകയും  ആയിരത്തിലേറെപ്പേരെ വധിക്കുകയും 251 പേരെ ബന്ദികളാക്കി തട്ടിക്കൊണ്ടുപോകുകയും ചെയ്തത്. അതിന് ശേഷം ഇസ്രയേല്‍ തുടങ്ങിയ പ്രതികാരയുദ്ധം ഇന്നും രൂക്ഷമായി തുടരുന്നു.

ലോകത്തിലെ ഏറ്റവും മികച്ചതെന്നു വാഴ്ത്തപ്പെടുന്ന രഹസ്യാന്വേഷണ ഏജൻസി മൊസാദിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് ഹമാസ് നടത്തിയ ഓപ്പറേഷൻ അൽ അഖ്‌സ ഫ്ലഡിന് ഇന്നേക്ക് ഒരാണ്ട്. ഗാസ അതിര്‍ത്തി വഴി കടന്നുകയറിയ ആയിരത്തോളം ഹമാസ് സായുധസംഘാംഗങ്ങള്‍ വീടുകളിലേക്കും സംഗീത പരിപാടി നടന്ന സ്ഥലങ്ങളിലേക്കുമെല്ലാം ഇരച്ചുകയറി. കണ്ണില്‍ കണ്ടിടത്തെല്ലാം വെടിവച്ചു. യുവതികളെയടക്കം തട്ടിക്കൊണ്ടുപോയി. 

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇസ്രയേല്‍ പ്രത്യാക്രമണത്തില്‍ ഗാസ മുനമ്പ് തകര്‍ന്നുവീഴുകയായിരുന്നു. വിദ്യാലയങ്ങള്‍, ആശുപത്രികള്‍, അഭയാര്‍ഥി ക്യാംപുകള്‍ അങ്ങനെ എല്ലായിടങ്ങളിലും ഇസ്രയേല്‍ സൈന്യം ഇരച്ചുകയറി. യുദ്ധനീതികള്‍ കാറ്റില്‍ പറത്തപ്പെട്ടു. ഹമാസിനെ പിന്തുണയ്ക്കുന്ന ഹിസ്ബുല്ലയ്ക്കും ഹൂതികള്‍ക്കും നേരെ ആക്രമണ പരമ്പര. ഒക്ടോബര്‍ ഏഴിന്റെ ആസൂത്രകരെ ഓരോന്നായി ഇസ്രയേല്‍ വധിച്ചു. അങ്ങനെ തുടങ്ങിയൊരു യുദ്ധം ഒരു വര്‍ഷമാകുമ്പോള്‍ എന്നവസാനിക്കുമെന്നാണ് ലോകത്തിന്‍റെ ചോദ്യം. ഗാസയില്‍ മാത്രം നാല്‍പത്തോരായിരത്തിലധികം പേരാണ് മരിച്ചത്.

ഒരു ലക്ഷത്തോളംപേര്‍ക്ക് പരുക്കേറ്റു. മിസൈല്‍ ആക്രമണം നടത്തിയ ഇറാനെതിരെ ഇസ്രയേല്‍ ഏതുതരം പ്രത്യാക്രമണം നടത്തുമെന്നാണ് നിലവിലെ ആശങ്ക. അതിനിടെ ഇസ്രയേലിന്‍റെ യുദ്ധക്കുറ്റങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് വിവിധയിടങ്ങളിലായി അരങ്ങേറുന്നത്. ഹമാസ് ഏറെക്കുറെ തകര്‍ന്ന അവസ്ഥയിലായി. ഹിസ്ബുല്ലയ്ക്കുനേരെ ആക്രമണം രൂക്ഷവും. 

അതിനെല്ലാമിടയില്‍, യുദ്ധം ബാക്കിവയ്ക്കുന്ന ജീവിതങ്ങളുണ്ട്. ബന്ദിയാക്കപ്പെട്ട് ഇപ്പോഴും ഹമാസ് തടവില്‍ കഴിയുന്ന ഇസ്രലേയിലകള്‍ ഒരുവശത്ത്. രക്തരൂക്ഷിതമായ ഗാസ, അവിടെ നിന്ന് എല്ലാം തകര്‍ന്ന് പലായനം ചെയ്യപ്പെടുന്നവര്‍ മറുവശത്ത്. യുദ്ധത്തിന്‍റെ തോല്‍വിയും ജയവുമെല്ലാം സാധാരണ ജീവിതങ്ങള്‍ക്ക് കൈറുന്നത് ദുരിതം മാത്രമാണെന്ന ഓര്‍മപ്പെടുത്തലോടെ ആ യുദ്ധം തുടരുന്നു. 

ENGLISH SUMMARY:

Israeli army chief declares defeat of Hamas’s military wing, Iran lifts flight restrictions.