ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. ശനിയാഴ്ചയ്ക്കകം ഇന്ത്യ വിടണമെന്ന് നിര്‍ദേശം. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറെ ഇന്ത്യ തിരിച്ചുവിളിച്ചിരുന്നു. പിന്നാലെ ആറ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയെന്ന് കാനഡ അറിയിച്ചു. അതിനെ തുടര്‍ന്നാണ് ഇന്ത്യയും കടുത്ത നിലപാടിലേക്ക് നീങ്ങിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കാനഡയില്‍ നടക്കുന്ന അന്വേഷണത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ അടക്കം നയതന്ത്ര പ്രതിനിധികള്‍ സംശയനിഴലിലാണെന്ന് കാനഡ ആരോപിച്ചിരുന്നു. പിന്നാലെ കനേഡിയന്‍ സര്‍ക്കാരിനെയും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെയും രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യയും രംഗത്തെത്തി. കാനഡയില്‍ നടക്കുന്ന ഒരു കേസന്വേഷണത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണറും നയതന്ത്ര പ്രതിനിധികളും സംശയനിഴലിലാണെന്ന് കഴിഞ്ഞ ദിവസം കാനഡ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് വിദേശകാര്യ മന്ത്രാലയം ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. ആരോപണം അടിസ്ഥാന രഹിതവും രാഷ്ട്രീയ അജന്‍ഡയുടെ ഭാഗവുമാണെന്ന് ഇന്ത്യ വ്യക്തമാക്കി.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഇന്ത്യയെ കരിവാരിത്തേക്കാന്‍ ശ്രമം നടത്തുകയാണ്. ട്രൂഡോയുടെ ഇന്ത്യാവിരോധം നേരത്തെ തന്നെ പ്രകടമായതാണ്. മന്ത്രിസഭയില്‍ ഇന്ത്യന്‍ വിഘടനവാദികളെയും തീവ്രനിലപാടുകാരെയും ഉള്‍പ്പെടുത്തിയത് ഇതിന് തെളിവാണ്. ഭീകരവാദികളെ ഉപയോഗിച്ച് ഇന്ത്യന്‍ സമുദായ നേതാക്കളെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ട്രൂഡോ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നു. ഇന്ത്യയിലെ കാനഡ ഹൈക്കമിഷന്‍ ട്രൂഡോ സര്‍ക്കാരിന്‍റെ രാഷ്ട്രീയ അജന്‍ഡ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും ഇത്തരം കെട്ടിച്ചമച്ച ആരോപണങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായ നടപടിയെടുക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.