ഒരു മനുഷ്യായുസ്സ് മുഴുവന്‍ ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കഴിയേണ്ടി വന്ന ഇവാവൊ ഹകാമഡയെ ജപ്പാന്‍ ഒടുവില്‍ ജയില്‍മോചിതനാക്കി. നീതിക്കായുള്ള ഹകാമഡോയുടെ കുടുംബത്തിന്‍റെ 60 വര്‍ഷം നീണ്ട നിയമ പോരാട്ടമാണ് ഒടുവില്‍ ഫലം കണ്ടത്. കഴിഞ്ഞമാസമാണ് ഹകാമഡ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കെട്ടിച്ചമച്ച കുറ്റമാണ് ഹകാമഡോയ്ക്ക് മേല്‍ ചാര്‍ത്തിയതെന്നും ഷിസുവോക്ക ജില്ലാക്കോടതി കണ്ടെത്തിയത്.
നീതിമാനാണ് ഹകാമഡ എന്ന് തെളിഞ്ഞതോടെ പൊലീസ് മേധാവി ഹകാമഡോയെ കാണാന്‍ നേരിട്ടെത്തി. 'പറഞ്ഞറിയിക്കാന്‍ പറ്റാത്ത മാനസിക സമ്മര്‍ദത്തിലേക്ക് ഇക്കാലമത്രയും തള്ളിവിട്ടതിന് ഞങ്ങള്‍ മാപ്പ് ചോദിക്കുന്നു. ക്ഷമിക്കൂ' എന്നായിരുന്നു ഷിസുവോക്ക പൊലീസ് മേധാവിയായ തകായോഷി സുഡ പറഞ്ഞത്. സംഭവിച്ചു പോയതില്‍ അങ്ങേയറ്റം ഖേദിക്കുന്നുവെന്ന് ഹകാമഡയെ വണങ്ങി തകായോഷി കൂട്ടിച്ചേര്‍ത്തു. ഹകാമഡയ്ക്കായി പതിറ്റാണ്ടുകള്‍ നീണ്ട നിയമപോരാട്ടം നടത്തിയ 91 വയസുള്ള ഹിഡേക്കോ പൊലീസുകാരന് നന്ദി പറഞ്ഞ് യാത്രയാക്കി.
1966 ല്‍ കൊലക്കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കപ്പെടുമ്പോള്‍ 30 വയസായിരുന്നു ബോക്സറായിരുന്ന ഹകാമഡയുടെ പ്രായം. മധ്യ ജപ്പാനിലുള്ള ഒരു ഉദ്യോഗസ്ഥനെയും അയാളുടെ മൂന്നംഗ കുടുംബത്തെയും വകവരുത്തിയെന്ന കുറ്റമാണ് ഹകാമഡയ്ക്ക് മേല്‍ പൊലീസ് ചുമത്തിയത്. 1968 ല്‍ വധശിക്ഷ വിധിക്കപ്പെട്ടു. കോടതിക്കാര്യം നീണ്ടു പോയതോടെ ഹകാമഡയുടെ വിചാരണയും വധശിക്ഷയുമെല്ലാം നീണ്ടു പോയി. 30 വര്‍ഷത്തോളമെടുത്ത ശേഷമാണ് ജപ്പാനിലെ സുപ്രീംകോടതി ഹകാമഡയുടെ ഹര്‍ജി തള്ളിയത്. ഇളവ് തേടി സഹോദരി വീണ്ടും കോടതിയെ സമീപിച്ചു. ഇതോടെ 2014 ല്‍ പുനര്‍വിചാരണ അനുവദിച്ചു. ഹകാമഡയുടെ വധശിക്ഷ ഏകാന്ത തടവാക്കി കുറയ്ക്കാന്‍ വിധിച്ച കോടതി പുനര്‍വിചാരണ വീണ്ടും നീട്ടിവച്ചു.
അതിക്രൂരമായ പൊലീസ് മര്‍ദനമാണ് ഹകാമഡയ്ക്ക് കസ്റ്റഡിയിലും ജയിലിലും നേരിടേണ്ടി വന്നത്. കെട്ടിച്ചമച്ച കേസില്‍ വ്യാജ തെളിവുകള്‍ പൊലീസ് ഉണ്ടാക്കി. അടിച്ചും ഇടിച്ചും അതീവ ക്രൂരമായി പെരുമാറിയും കുറ്റങ്ങളെല്ലാം സമ്മതിപ്പിച്ചുവെന്നും കോടതി ഒടുവില്‍ കണ്ടെത്തി. ഒടുവില്‍ നീതിപീഠം കണ്ണു തുറന്നു. ഹകാമഡ വെളിച്ചം കണ്ടു.
ഹകാമഡ വിട്ടയയ്ക്കപ്പെട്ടതില്‍ അതീവ സന്തോഷമുണ്ടെന്ന് സഹോദരി പറയുന്നു. ആരോടും പരാതികളില്ല. ഈ കഴിഞ്ഞു പോയ വര്‍ഷങ്ങള്‍ക്കും അനുഭവിച്ച മാനസിക വ്യഥകള്‍ക്കും പരാതികള്‍ കൊണ്ട് പ്രയോജനമൊന്നുമില്ലല്ലോ. അതുകൊണ്ട് മാപ്പുപറയാനായെത്തിയ പൊലീസ് മേധാവിയോട് തനിക്ക് പരിഭവമില്ലെന്നും അദ്ദേഹത്തിന് ഒരു പങ്കുമില്ലാത്ത കേസാണിതെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ലോകത്ത് ജീവിച്ചിരിക്കുന്ന വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായമേറിയ വ്യക്തിയായിരുന്നു ഹകാമഡ. യുദ്ധാനന്തര ജപ്പാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശേഷം വിട്ടയയ്ക്കപ്പെടുന്ന അഞ്ചാമത്തെ ആളും. ഹകാമഡയുടെ ജീവിതം വലിയ കോളിളക്കമാണ് ജപ്പാനിലുണ്ടാക്കുന്നത്. നീതി നിഷേധിക്കപ്പെട്ടിരുന്നുവെങ്കില്‍ ആ രക്തത്തിന് ആര് മറുപടി പറഞ്ഞേനെയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചോദ്യമുയര്‍ത്തുന്നു.