യുക്രൈന്‍– റഷ്യ യുദ്ധം, രാഷ്ട്രീയ–സാമൂഹിക രംഗം കടന്ന് പള്ളികള്‍ക്കുള്ളിലേക്കും വ്യാപിക്കുന്നുവെന്നാണ് യുക്രൈനില്‍ നിന്നുള്ള വാര്‍ത്തകള്‍. മോസ്കോയിലെ ഭദ്രാസനത്തെ അംഗീകരിക്കണമെന്ന് ഒരു വിഭാഗവും അല്ല, യുക്രൈന്‍ ഓര്‍ത്തഡോക്സ് സഭയില്‍ ഉറച്ച് നില്‍ക്കണമെന്ന് മറുവിഭാഗവും വാദിച്ചതോടെയാണ് പള്ളിക്കുള്ളില്‍ അടി പൊട്ടിയത്. സംഘര്‍ഷം ആറു മണിക്കൂറോളം നീണ്ടു.
വടിയും കസേരയും എന്നിങ്ങനെ കയ്യില്‍ കിട്ടിയതെല്ലാമെടുത്ത് വൈദികരും വിശ്വാസികളും പരസ്പരം പെരുമാറി. അതിരൂക്ഷമായ അടിയാണ് നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്രൈന്‍ അനുകൂല അല്‍മായര്‍ മോസ്കോ നേതൃത്വത്തെ എതിര്‍ത്ത് പരസ്യമായി രംഗത്തെത്തിയതാണ് പ്രശ്നങ്ങള്‍ വഷളാക്കിയത്. പള്ളിയെ യുക്രൈന്‍ ഓര്‍ത്തഡോക്സ് സഭയില്‍ ലയിപ്പിക്കണമെന്നാണ് ഇവര്‍ വാദിച്ചത്. ഒട്ടേറെപേര്‍ക്ക് പരുക്കേറ്റു. ഇവര്‍ക്ക് പ്രാഥമിക ചികില്‍സ ലഭ്യമാക്കിയെന്നും അധികൃതര്‍ അറിയിച്ചു.
മുന്‍കൂട്ടി വിഷയം ഉന്നയിക്കാന്‍ ഉറച്ചെന്നവണ്ണം യുക്രൈന്‍ ഓര്‍ത്തഡോക്സ് സഭാനുകൂലികള്‍ പള്ളി പരിസരത്തെ ഗേറ്റുകള്‍ അകത്ത് നിന്നും പൂട്ടി. പള്ളിയും പൂട്ടി. പിന്നാലെ കണ്ണീര്‍വാതകമടക്കം പ്രയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ടുകളിലുള്ളത്. റഷ്യന്‍ ചാരന്‍മാരാണ് പള്ളിക്കുള്ളില്‍ വരെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതെന്നായിരുന്നു സഭാ വികാരിയുടെ പ്രതികരണം. റഷ്യന്‍ പട്ടാളത്തിന്‍റെ ആജ്ഞാനുവര്‍ത്തികളായി വിശ്വാസികള്‍ മാറരുതെന്നും ഫാദര്‍ നസാറി സസാന്‍സ്കി പറഞ്ഞു. തര്‍ക്കം മുറുകുന്നതിനിടെ മോസ്കോ വിഭാഗം പ്രതിനിധികള്‍ കൂടുതല്‍ പേര്‍ പള്ളിക്കുള്ളിലേക്ക് എത്തി. ഇതോടെ ചേരി തിരിഞ്ഞ് അടിയായി. പള്ളിയുടെ പൂര്‍ണ നിയന്ത്രണം കീവ് ഏറ്റെടുക്കണമെന്നും റഷ്യന്‍ അനുകൂലികള്‍ പള്ളിയില്‍ നിന്നും പുറത്തുപോകണമെന്നും വൈദികര്‍ ആവശ്യപ്പെടുന്നു.