ഒക്ടോബര്‍ ഒന്നിലെ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കിയെന്ന ഇസ്രയേല്‍ വാദം തള്ളി ഇറാന്‍. ഇറാന്‍റെ മണ്ണിലേക്ക് എന്ത് ആക്രമണം നടത്തിയാലും അതേ അളവില്‍ തിരിച്ചടിക്കുമെന്നും കരുതിയിരുന്നോളൂവെന്നുമാണ് ഇറാന്‍റെ മുന്നറിയിപ്പ്. തലസ്ഥാനമായ ടെഹ്റാനിലും കറാജിലെ ആണവനിലയത്തിനരികെയുമെല്ലാം ഇസ്രയേല്‍ ഉഗ്രസ്ഫോടനം നടത്തിയെന്ന വാദവും ഇറാന്‍ തള്ളുന്നു. ഇസ്രയേലിന്‍റെ ആക്രമണം ഏതുനിമിഷവും പ്രതീക്ഷിച്ചിരുന്നത് കൊണ്ട് ടെഹ്റാന് മേല്‍ അതിശക്തമായ വ്യോമ പ്രതിരോധം തീര്‍ത്തിരുന്നുവെന്നും അതുകൊണ്ട് തന്നെ സാരമായ നാശനഷ്ടങ്ങളുണ്ടാക്കാന്‍ ഇസ്രയേലിന് ആയിട്ടില്ലെന്നും ഇറാന്‍ അവകാശപ്പെട്ടു.
നാമമാത്രമായ നഷ്ടങ്ങളാണ് ഇന്നലെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലുണ്ടായതെന്നും ഇറാന്‍ പറയുന്നു. ഒക്ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ ആക്രമണത്തിന്‍റെ പ്രതികാരം ചെയ്തുവെന്നായിരുന്നു ഇറാന് മേല്‍ വ്യോമാക്രമണം നടത്തിയ ശേഷം ഇസ്രയേല്‍ സൈന്യം അറിയിച്ചത്. ഇറാന്‍റെ സൈനിക കേന്ദ്രങ്ങളടക്കം ലക്ഷ്യമിട്ടുള്ളതായിരുന്നു ആക്രമണമെന്നും സൈന്യം അവകാശപ്പെട്ടു. യുഎസിനെ അറിയിച്ച ശേഷമായിരുന്നു ആക്രമണമെന്നും ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ന് പുലര്‍ച്ചെയോടെ വന്‍ സ്ഫോടനത്തിന് സമാനമായ ഉഗ്ര ശബ്ദം ടെഹ്റാനില്‍ നിന്നുണ്ടായെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം റോക്കറ്റുകളോ, വിമാനങ്ങളോ സ്ഫോടന സമയത്ത് ടെഹ്റാന്‍റെ ആകാശത്തുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ ഇത് ഇറാന്‍ വ്യോമ പ്രതിരോധം സജ്ജമാക്കിയതിന്‍റെ ശബ്ദമാകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ടെഹ്റാന് തൊട്ടടുത്തുള്ള നഗരമായ കറാജില്‍ നിന്നും പൊട്ടിത്തെറി ശബ്ദം കേട്ടതായി അധികൃതര്‍ പറയുന്നു. ഇമാം ഖമനയി വിമാനത്താവളം, മെഹ്റാബാദ് വിമാനത്താവളം, ഓയില്‍ റിഫൈനറി എന്നിവയുടെ പ്രവര്‍ത്തനത്തെ ഇവയൊന്നും ബാധിച്ചില്ലെന്നും ഇറാന്‍ ഭരണകൂടം വ്യക്തമാക്കുന്നു. അതേസമയം, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാന്‍ വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചിട്ടുണ്ട്.
എന്നാല്‍ വ്യോമാക്രമണം ചെറുക്കുന്നതിനുള്ള കവചം സജ്ജമാക്കിയതൊന്നുമല്ലെന്നും തങ്ങള്‍ നടത്തിയ ആക്രമണത്തിന്‍റെ ശബ്ദമാണ് മുഴങ്ങിയതെന്നും കനത്ത തിരിച്ചടി നല്‍കിയെന്നുമായിരുന്നു ഇസ്രയേല്‍ സൈന്യം ഇതിനോട് പ്രതികരിച്ചത്. ഇറാന് മേല്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടതിന് പിന്നാലെ സുരക്ഷാകാര്യങ്ങള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിലയിരുത്തി. പൗരന്‍മാരോട് സുരക്ഷിത സ്ഥാനങ്ങളില്‍ കഴിയണമെന്നും ജാഗരൂകരായിരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.