ഒക്‌ടോബർ 31നാണ് ബ്യൂനസ്ഐറിസ് നിന്ന് ന്യൂയോർക്കിലേക്കുള്ള യാത്രാമധ്യേ അമേരിക്കൻ എയർലൈൻസിന്‍റെ ഫ്ലൈറ്റ് 954 ലെ കാര്‍ഗോ യൂണിറ്റില്‍ നിന്ന് നിഗൂഢമായ ശബ്ദം കേള്‍ക്കുന്നത്. പിന്നാലെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയും ചെയ്തു. വിമാനത്തില്‍ ചരക്കുകള്‍ സൂക്ഷിച്ച സീൽ ചെയ്ത കമ്പാർട്ട്‌മെന്‍റിനുള്ളിൽ നിന്ന് നിന്ന് ആരോ ഇടിക്കുന്നതുപോലെ തുടരെ ശബ്ദം കേട്ടിരുന്നു എന്നാണ് വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും പറഞ്ഞത്. വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ ശബ്ദം കേട്ടത് ആകാശത്തും പരിഭ്രാന്തി പരത്തി.
വിമാനം 30,000 അടിയിലെത്തിയപ്പോളാണ് ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയത്. ഇതോടെ പലതരത്തിലുള്ള ഊഹാപോഹങ്ങൾ വിമാനത്തിനുള്ളില്‍ തന്നെ പരന്നു. സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്ന സാഹചര്യത്തിലാണ് വിമാനം ബ്യൂനസ്ഐറിസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ച് വിടാൻ പൈലറ്റ് തീരുമാനിച്ചത്. ലാൻഡിങിന് ശേഷം, പൊലീസും മറ്റ് ഉദ്യോഗസ്ഥരും ചരക്ക് ഹോൾഡിൽ അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ലോഡിങ് സമയത്ത് ആരെയെങ്കിലും അബദ്ധത്തിൽ കാർഗോ യൂണിറ്റിനുള്ളില്‍ പൂട്ടിയിട്ടിരിക്കാമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. എന്നാല്‍ അമേരിക്കൻ എയർലൈൻസ് ഈ അവകാശവാദങ്ങൾ നിഷേധിക്കുന്നു. വിമാനത്തിന്‍റെ സാങ്കേതിക തകരാര്‍ മൂലമാണ് ശബ്ദം കേട്ടതെന്നാണ് എയർലൈൻസ് പ്രസ്താവനയിൽ പറയുന്നത്. കാർഗോ ഏരിയയ്ക്കുള്ളിൽ ആരെയും പൂട്ടിയിട്ടിട്ടില്ല. അടിയന്തര ലാന്‍ഡിങിന് ശേഷം നടത്തിയ തിരച്ചിലിലും ഒന്നും കണ്ടെത്താനായില്ലെന്നും എയർലൈൻസ് പറയുന്നു. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ എയർലൈൻസ് എക്സിലൂടെ ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, എയർലൈന്‍സിന്‍റെ വിശദീകരണത്തില്‍ യാത്രക്കാരും സോഷ്യല്‍മീഡിയയുടെ തൃപ്തരല്ലെന്ന് വ്യക്തമാണ്. പലതരത്തിലുള്ള ഊഹാപോഹങ്ങളും കഥകളുമാണ് കാര്‍ഗോ യൂണിറ്റിലെ ശബ്ദത്തെകുറിച്ച് പ്രചരിക്കുന്നത്. നിഗൂഢമായ ശബ്ദങ്ങളുടെ യഥാർത്ഥ കാരണം കണ്ടെത്താതിരിക്കെ സംഭവം ആകാംക്ഷയ്ക്കും ചര്‍ച്ചയ്ക്കും കാരണമാകുകയാണ്. സംഭവത്തില്‍ അന്വേഷണം തുടരുന്നതായാണ് റിപ്പോര്‍ട്ട്.