മൊബൈല്‍ ഫോണുമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ (ഫയല്‍ ചിത്രം)

  • ലോകത്ത് ആദ്യമായി കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം
  • ഓസ്ട്രേലിയയുടെ നീക്കം മാനസികാരോഗ്യവും കുട്ടികളുടെ സുരക്ഷയും പരിഗണിച്ച്

പതിനാറ് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സമൂഹമാധ്യമ അക്കൗണ്ടുകള്‍ വിലക്കാനൊരുങ്ങി ഓസ്ട്രേലിയ. ഇതിനുള്ള നിയമം ഈമാസം തന്നെ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും കണക്കിലെടുത്താണ് നീക്കമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് പറഞ്ഞു. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു നിയമം കൊണ്ടുവരുന്നത്. നിയമത്തിന്‍റെ കരട് ഈയാഴ്ച തന്നെ പ്രവിശ്യ അസംബ്ലികള്‍ക്കും നേതാക്കള്‍ക്കും കൈമാറും. തുടര്‍ന്ന് പാര്‍ലമെന്‍റില്‍ പാസാക്കും.

ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് കാന്‍ബറയില്‍ പൊതുചടങ്ങില്‍ സംസാരിക്കുന്നു

‘അച്ഛനമ്മമാര്‍ക്കുവേണ്ടിയാണ് ഈ നിയമം. സോഷ്യല്‍ മീഡിയ കുട്ടികളെ ഭീകരമായ പ്രശ്നങ്ങളിലേക്കാണ് നയിക്കുന്നത്.’ അത് തടയേണ്ടത് രക്ഷകര്‍ത്താവെന്ന നിലയില്‍ തന്‍റെ കൂടി ഉത്തരവാദിത്തമാണെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി പറഞ്ഞു. ‘സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എടുക്കുന്നത് ഈ പ്രായപരിധിക്കുള്ളില്‍ ഉള്ളവരാണെന്ന് ഉറപ്പാക്കേണ്ടത് ഫെയ്സ്ബുക് ഉള്‍പ്പെടെയുള്ള ടെക് കമ്പനികളുടെ ഉത്തരവാദിത്തമാണ്. വീഴ്ച സംഭവിച്ചാല്‍ അവര്‍ക്കുമാത്രമായിരിക്കും ശിക്ഷ.’ അക്കൗണ്ട് ഉടമകളെ ശിക്ഷിക്കില്ലെന്നും ആന്തണി ആല്‍ബനീസ് അറിയിച്ചു.

സമൂഹമാധ്യമങ്ങളും ടെക് കമ്പനികളും സൃഷ്ടിക്കുന്ന മാനസികാരോഗ്യപ്രശ്നങ്ങളും വ്യാജവിവര പ്രചാരണവും തടയാന്‍ ഓസ്ട്രേലിയയില്‍ സര്‍ക്കാര്‍ തലത്തില്‍ നേരത്തേതന്നെ ആരംഭിച്ച ശ്രമങ്ങളുടെ തുടര്‍ച്ചയാണ് പുതിയ നിയമം. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രായപരിധി വയ്ക്കണമെന്ന ശുപാര്‍ശയെ നേരത്തേ തന്നെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഭൂരിപക്ഷം ആളുകളും സ്വാഗതം ചെയ്തിരുന്നു. ഫെയ്സ്ബുക്കും ഗൂഗിളും വാര്‍ത്താ ഉള്ളടക്കത്തിന് ന്യൂസ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പണം നല്‍കണമെന്ന ഓസ്ട്രേലിയന്‍ സര്‍ക്കാരിന്‍റെ തീരുമാനവും വലിയ നിയമപോരാട്ടങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ഓസ്ട്രേലിയയില്‍ സ്കൂളിലേക്ക് പോകുന്ന കുട്ടികള്‍ (ഫയല്‍ ചിത്രം)

ENGLISH SUMMARY:

Australia is set to introduce legislation to ban social media accounts for those under 16, prioritizing children's safety and mental health, according to Prime Minister Anthony Albanese. The bill will be presented in Parliament this month, making Australia the first country to propose such a law. Albanese emphasized the responsibility of tech companies like Facebook to verify users’ age, with penalties for the companies if they fail, not the account holders. This legislation builds on earlier government efforts to address mental health issues and misinformation associated with social media.