യുകെ പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷത്തില്‍ മാംസവും മദ്യവും വിളമ്പിയതില്‍ വിമര്‍ശനം. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10, ഡൗണിങ് സ്ട്രീറ്റിൽ നടന്ന ആഘോഷത്തില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു.
ദീപാലങ്കാരങ്ങള്‍, ഇന്ത്യയുടെ തനത് കലാരൂപങ്ങളായ കുച്ചിപ്പുടി ഉള്‍പ്പടെയുള്ള നൃത്തങ്ങള്‍ എന്നിവയടക്കമായിരുന്നു ആഘോഷം. കിയേര്‍ സ്റ്റാമെറുടെ പ്രസംഗവും ആഘോഷത്തിന്‍റെ ഭാഗമായിരുന്നു. എന്നാല്‍ മെനുവിൽ മദ്യവും സസ്യേതര വിഭവങ്ങളും ഉണ്ടെന്നറിഞ്ഞപ്പോൾ ബ്രിട്ടനിലെ ഹിന്ദുമത വിശ്വാസികള്‍ അമ്പരന്നു. അതിഥികള്‍ക്ക് മട്ടണ്‍ കെബാബ്, ബിയർ, വൈൻ എന്നിവ വിളമ്പിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വർഷം ഋഷി സുനക് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ ദീപാവലി ആഘോഷത്തില്‍ മാംസവും മദ്യവും വിളമ്പിയിരുന്നില്ല.
‘കഴിഞ്ഞ 14 വർഷത്തോളമായി ഡൗണിങ് സ്ട്രീറ്റിലെ ദീപാവലി ആഘോഷത്തില്‍ മാംസവും മദ്യവുമില്ലായിരുന്നു, ഈ വർഷത്തെ ആഘോഷത്തില്‍ മദ്യവും മാംസവും വിളമ്പിയത് ഞങ്ങളെ ഞെട്ടിച്ചു. ഞങ്ങള്‍ നിരാശയിലാണ്. കൂടിയാലോചനയുടെ അഭാവവും പ്രധാനമന്ത്രിയുടെ ഉപദേശകരുടെ അശ്രദ്ധയുമാണ് ഇതിന് വഴിവച്ചത്’ പ്രമുഖ ബ്രിട്ടീഷ് ഹിന്ദു പണ്ഡിറ്റായ സതീഷ് കെ ശർമ്മ എക്‌സിൽ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറയുന്നു.
‘അബദ്ധത്തില്‍ സംഭവിച്ചതാണെങ്കില്‍പ്പോലും ഇത് നിരാശാജനകമാണ്, അതല്ല മറിച്ച് ബോധപൂര്‍വമാണെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ബ്രിട്ടീഷ് ഹിന്ദു സമൂഹത്തിന് എന്തു സന്ദേശമാണ് നല്‍കുന്നതെന്നും സതീഷ് ചോദിക്കുന്നു. സംഭവത്തില്‍ പ്രസ്താവന പുറപ്പെടുവിക്കാനും പോസ്റ്റില്‍ ആവശ്യപ്പെടുന്നു. പവിത്രമായ ആഘോഷം മാംസവും മദ്യവും കൊണ്ട് നശിപ്പിച്ചെന്ന് ഇന്ത്യക്കാരുടെ കമ്മ്യൂണിറ്റി കൂട്ടായ്മയായ ഇൻസൈറ്റ് യുകെയും ആരോപിച്ചു. ആരോപണങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല.